‘ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ല, ചിലർ വേട്ടയാടുന്നു’

മലയാള സിനിമയിൽ ക്ലീൻ ഇമേജുള്ള നടൻമാരിലൊരാളാണ് ടൊവിനോ തോമസ്. നിർമാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സഹായിക്കുന്ന നടൻമാരുടെ കൂട്ടത്തിലും ടൊവിനോയുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ടൊവിനോയുടെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു.
മലയാള സിനിമയിൽ പ്രേംനസീറിന് തുല്യമെന്ന് പറയാൻ സാധിക്കുന്ന ഒരു നടൻ ഉദിച്ചിരിക്കുകയാണ്. താൻ ചെയ്യുന്ന നന്മകളൊന്നും പുറത്തുപറയാത്ത നടൻമാരുടെ കൂട്ടത്തിലാണ് ടൊവിനോ തോമസുള്ളത്. എനിക്ക് ടൊവിനോയുമായി യാതൊരു തരത്തിലുള്ള സൗഹൃദമോ ബന്ധമോ ഇല്ല. എന്നാൽ ടൊവിനൊയോടൊപ്പം വർക്ക് ചെയ്തവരിൽ നിന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.
ഒരു തരത്തിലും സംവിധായകനെയോ നിർമാതാവിനെയോ ബുദ്ധിമുട്ടിപ്പിക്കാത്ത നടനാണ്. തന്നെവച്ച് സിനിമ ചെയ്യുന്ന നിർമാതാവിന് എന്തെങ്കിലും സാമ്പത്തികപ്രതിസന്ധി വന്നാൽ സഹായിക്കുകയും പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്.നിർമാതാവായ രാജു മാല്യത്ത് ടൊവിനോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ പ്രമോഷൻ ഹെലികോപ്ടറിൽവച്ച് നടത്തണമെന്ന് ടൊവിനോ പറഞ്ഞോയെന്ന് ഞാൻ രാജു മാല്യത്തിനോട് ചോദിച്ചു.
കേട്ടതൊന്നും സത്യമല്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചിത്രത്തിന്റെ മറ്റൊരു നിർമാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഹെലികോപ്ടർ സംഭാവന ചെയ്തതായിരുന്നു. അവയൊന്നും നിർമാണചെലവിൽ ഉൾപ്പെട്ടതായിരുന്നില്ല. ചിത്രത്തിനായി പറഞ്ഞുറപ്പിച്ച പണം ടൊവിനോ വാങ്ങിയിരുന്നില്ല. ഐഡന്റിറ്റി ബോക്‌സോഫീസിൽ പരാജയപ്പെട്ടപ്പോൾ രാജു മാല്യത്തിന് പുതിയ സിനിമ ചെയ്യാനുള്ള ഡേറ്റും ടൊവിനോ കൊടുക്കുകയായിരുന്നു. ടൊവിനോയുള്ള ഇങ്ങനെയുള്ള സഹായങ്ങൾ നിർമാതാക്കളുടെ സംഘടനയിൽ സ്ഥിരം കേൾക്കാറുണ്ടെന്നും രാജു പറഞ്ഞു.
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ടൊവിനോയെ ചിലര്‍ പരിഹസിച്ചത് സിനിമയുടെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് എന്നാണ്. അതിനെക്കുറിച്ച് ടൊവിനോ പറയുന്നത്, മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാടല്ലേ ഇത് എന്നാണ്. കേരള സര്‍ക്കാര്‍ ടൊവിനോയെ സാമൂഹ്യ സുരക്ഷാ സേനയുടെ അംബാസിഡര്‍ ആയി നിയമിച്ചു. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനുളള സന്നദ്ധ സേനയാണത്.
വയനാട് ദുരന്തത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് കിട്ടിയ 12 ലക്ഷം രൂപ തന്റെ സിനിമയില്‍ ജോലി ചെയ്തിരുന്ന നിര്‍ദ്ധനനായ ഒരു തൊഴിലാളിക്ക് വീട്‌വയ്ക്കാനായി നല്‍കി. താന്‍ പഠിച്ച സ്‌കൂളിന് പുതിയ കവാടം പണിയിച്ച് നല്‍കി. ധാരാളം പാവങ്ങളെ സഹായിക്കുന്നതായും അറിഞ്ഞു. എന്നിട്ടും അദ്ദേഹത്തെ ചിലർ വേട്ടയാടുന്നു. ടൊവിനോ മലയാള സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.



