News

വെറുമൊരു ബാൻഡല്ല, ആഗോള സാമ്പത്തിക ശക്തി; ബിടിഎസിന്റെ മടങ്ങിവരവിൽ ഒഴുകുന്നത് ബില്യൺ കണക്കിന് ഡോളർ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദക്ഷിണ കൊറിയൻ പോപ്പ് വിസ്മയം ബിടിഎസ് മടങ്ങിയെത്തുന്നത് ആഗോള വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു. നിർബന്ധിത സൈനിക സേവനത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് ബാൻഡ് തിരിച്ചെത്തുമ്പോൾ, അത് വെറുമൊരു സംഗീത വിരുന്നിനപ്പുറം ‘ബിടിഎസ് നോമിക്സ്’എന്നറിയപ്പെടുന്ന വമ്പൻ സാമ്പത്തിക മുന്നേറ്റത്തിനാണ് വഴിതുറക്കുന്നത്.

തിരിച്ചുവരവിന്റെ ഭാഗമായി പുറത്തിറക്കിയ ‘അരിരംഗ്’ എന്ന ആൽബം ഇതിനോടകം തന്നെ സകല റെക്കോർഡുകളും തകർത്തു കഴിഞ്ഞു. വരാനിരിക്കുന്ന ലോക പര്യടനത്തിലൂടെ മാത്രം ഏകദേശം 5.3 ബില്യൺ ഡോളറിന്റെ (8 ട്രില്യൺ കൊറിയൻ വോൺ) വരുമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇത് ഒരു സംഗീത ബാൻഡ് എന്നതിലുപരി ബിടിഎസ് എപ്രകാരം ഒരു ആഗോള ബ്രാൻഡായി മാറിയെന്നതിന്റെ തെളിവാണ്.

ടിക്കറ്റ് ലഭിച്ചില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം ഒരേ മണ്ണിലുണ്ടാകുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരാധകർ കൊറിയയിലേക്ക് ഒഴുകുകയാണ്. കാനഡയിൽ നിന്നുള്ള മരിയ ഹെരേര എന്ന 58കാരിയുടെ കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. കയ്യിൽ കൺസേർട്ട് ടിക്കറ്റ് പോലുമില്ലാതെ, കേവലം ആ അന്തരീക്ഷം ആസ്വദിക്കാനായി മാത്രം 5,000 കനേഡിയൻ ഡോളർ ചെലവിട്ടാണ് മരിയയും മക്കളും സൗളിലെത്തിയത്. ആരാധകർ വെറും സംഗീതം കേൾക്കാൻ മാത്രമല്ല, മറിച്ച് കൊറിയയിലെ സൗന്ദര്യ വർദ്ധക ചികിത്സകൾ, ഹെയർ കെയർ, തനത് ഭക്ഷണവിഭവങ്ങൾ എന്നിവയ്ക്കായും വലിയൊരു തുക ചെലവഴിക്കുന്നു. ഇത് രാജ്യത്തെ സേവന മേഖലയ്ക്കും ടൂറിസത്തിനും വലിയൊരു ഉണർവാണ് നൽകുന്നത്.

എൻഎച്ച് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ വിദഗ്ധരുടെ നിരീക്ഷണപ്രകാരം, ബിടിഎസ് വേൾഡ് ടൂർ കേവലം ടിക്കറ്റ് വിൽപനയിൽ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിലെ 44 നഗരങ്ങളിലായി നടക്കുന്ന പ്രകടനങ്ങൾ ഹോട്ടൽ താമസം, വിമാനയാത്രകൾ, ഷോപ്പിംഗ് എന്നിവയിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.

ജൂണിൽ ബിടിഎസ് പ്രോഗ്രാം നടക്കാനിരിക്കുന്ന ബുസാനിലെ ചില ഹോട്ടലുകളിൽ വാടക ഏഴിരട്ടി വരെ വർദ്ധിച്ചത് ഈ ‘ബിടിഎസ് പ്രഭാവത്തിന്റെ’ ആഴം വ്യക്തമാക്കുന്നു. സോളിലെ പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ബിടിഎസ് ഉൽപന്നങ്ങളുടെ വിൽപനയിൽ 430 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘ഇറാസ് ടൂർ’ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ചലനങ്ങൾക്ക് സമാനമായ രീതിയിലാണ് ബിടിഎസും വിപണിയെ സ്വാധീനിക്കുന്നത്.

യുവതലമുറയെ സംബന്ധിച്ചിടത്തോളം ഇതൊരു യാത്രയല്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാർ പോയിരുന്ന പഴയ ഓഫീസുകളും പാർക്കുകളും സന്ദർശിക്കുന്ന ഒരു ‘തീർത്ഥാടനം’ കൂടിയാണ്. മെക്സിക്കോയിൽ നിന്ന് എത്തിയ സ്റ്റെഫാനി ഗോൺസാലസിനെപ്പോലെയുള്ള ആയിരക്കണക്കിന് ആരാധകർ ലക്ഷങ്ങൾ ചെലവഴിക്കുന്നത് ഈ വികാരത്തിന്റെ പുറത്താണ്.

ഏപ്രിൽ 9ന് ഗോയാങ്ങിൽ തുടങ്ങി ലാസ് വെഗാസ്, ലണ്ടൻ, പാരിസ്, ടോക്കിയോ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ആഗോള പര്യടനം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ഉത്തേജനമാകുമെന്ന് ഉറപ്പാണ്. കലയും സാമ്പത്തിക ശാസ്ത്രവും കൈകോർക്കുന്ന ഈ പർപ്പിൾ തരംഗത്തിനായി ലോകം ഇപ്പോൾ ഉറ്റുനോക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button