മരുമകൾക്കായി നിത അംബാനിയുടെ ഞെട്ടിക്കുന്ന സമ്മാനം, വിദേശത്ത് ചെലവാക്കിയത് കോടികൾ

നൂറ്റാണ്ടിലെ കല്യാണമെന്ന പേരിൽ ലോകം മുഴുവൻ ചർച്ചയായ ഒന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ദ് അംബാനിയുടെ വിവാഹം. കഴിഞ്ഞവർഷം ജൂലായ് 12നായിരുന്നു അനന്ദ് അംബാനി എൻകോർ ഹെൽത്ത് കെയർ ഉടമകളായ വിരേൻ മർച്ചന്റ് – ഷൈല മർച്ചന്റ് ദമ്പതികളുടെ മകൾ രാധിക മർച്ചന്റിന്റെ കഴുത്തിൽ താലി ചാർത്തിയത്. ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമടക്കം വിവാഹച്ചടങ്ങിൽ എത്തിയിരുന്നു.
ദുബായിൽ ഒരു ആഡംബര വില്ലയായിരുന്നു വിവാഹ സമ്മാനമായി നിത അംബാനി തന്റെ രണ്ടാം മരുമകൾക്ക് നൽകിയത്. 640 കോടിയാണ് ഈ വില്ലയുടെ വിലയെന്നാണ് റിപ്പോർട്ടുകൾ. പാം ജുമൈറയിൽ കടൽ തീരത്തോട് ചേർന്നുള്ള ഈ വില്ല, നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള കെട്ടിടങ്ങളിലൊന്നാണ്. മനോഹരമായ ഇന്റീരിയറുകളും 70 മീറ്ററുള്ള സ്വകാര്യ ബീച്ചിലേക്കുള്ള പ്രത്യേക പ്രവേശനവും വില്ലയുടെ പ്രത്യേകതകളിൽ ചിലതാണ്.
ഇറ്റാലിയൻ മാർബിളും മികച്ച കലാസൃഷ്ടികളും ഉൾക്കൊള്ളുന്ന പത്ത് ആഡംബര കിടപ്പുമുറികളാണ് വില്ലയിലുള്ളത്. വലിയ ഒത്തുചേരലുകൾക്ക് അനുയോജ്യമായ കൂറ്റൻ ഡൈനിംഗ് ടേബിളുള്ള ഒരു ഡൈനിംഗ് റൂമും ഇവിടെയുണ്ട്. അത്യാഡംബര സൗകര്യങ്ങളുള്ള നീന്തൽക്കുളവും വില്ലയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം ജൂലായ് 12ന് മുംബയിലെ ജിയോ വേൾഡ് സെന്ററിലാണ് താരനിബിഡമായ ചടങ്ങ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രീമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ, അമേരിക്കൻ ടെലിവിഷൻ താരം കിം കർദാഷിയൻ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക തുടങ്ങി അനേകം വിവിഐപികളാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹപൂർവ ആഘോഷങ്ങൾക്കുൾപ്പെടെ 2700 കോടി രൂപയായിരുന്നു മൊത്ത ചെലവെന്നാണ് റിപ്പോർട്ടുകൾ.