45–ാം വയസ്സിലും സിക്സ് പായ്ക്കിൽ നിഷാന്ത് സാഗർ

വയസ്സ് 45 പിന്നിട്ടു, ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന നിഷാന്ത് സാഗറിന്റെ വർക്കൗട്ട് ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ജിം വർക്കൗട്ട് കഴിഞ്ഞ് സിക്സ്പായ്ക്ക് ലുക്കുമായി നിൽക്കുന്ന നിഷാന്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളത്തിൽ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗർ. കരിയറിൽ ഇടയ്ക്ക് ഒരിടവേള എടുത്ത താരം ഇപ്പോൾ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
2000ന്റെ ആദ്യ പകുതിയിൽ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും നായകൻ വേഷങ്ങൾ നിഷാന്തിനെ തേടി എത്തിയിരുന്നില്ല. എന്നാൽ വില്ലനായും സഹനടനായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിഷാന്തിന് സാധിച്ചു. എന്നാല്‍ പിന്നീട് നിഷാന്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോൾ വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് നടൻ.
ഏഴുനിലപ്പന്തൽ (1997) എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഋഷിവംശം’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. ‘ജോക്കർ’ എന്ന സിനിമയിലെ ’സുധീർ മിശ്ര’ എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് തിളക്കം, ഫാന്റം തുടങ്ങി അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു.
ആർഡിഎക്സ്, ചതുരം, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം, ടർബോ, ഗരുഡൻ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് സജീവമാണ് നടൻ. വൃന്ദയാണ് ഭാര്യ. രണ്ട് മക്കളാണ്. മൂത്ത മകളായ നന്ദ, ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമലൂടെ അഭിനയരംഗത്തു ചുവടുവച്ചിരുന്നു.