പിറന്നാൾ ആശംസിക്കും, മമ്മൂട്ടി പടമുള്ള ഷര്‍ട്ടുമായി മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം എട്ടനും ഇക്കയുമാണ്… ഒരേ കാലഘട്ടത്തിൽ കടുത്ത മത്സരത്തോടെ ആര് മികച്ചയാൾ എന്ന് പറയാനാവാത്ത വിധം മലയാള സിനിമയുടെ താര രാജാക്കന്മാരായവരാണ് മമ്മൂട്ടിയും മോഹൻലാലും. പല ഇൻഡസ്ട്രിയിലും താരങ്ങൾ തമ്മില്‍ പോരടിക്കുമ്പോൾ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ് മോഹൻലാൽ – മമ്മൂട്ടി സൗഹൃദം.
ഇപ്പോൾ 74-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ പടമുള്ള ഷര്‍ട്ട് ധരിച്ചാണ് മോഹൻലാല്‍ ആശംസ അറിയിച്ചിട്ടുള്ളത്. ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിന്റെ പ്രമോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷര്‍ട്ടാണ് മോഹൻലാൽ ധരിച്ചിട്ടുള്ളത്. ഒപ്പം ഏഷ്യാനെറ്റ് പങ്കുവെച്ച വീഡിയോയിൽ തന്റെ പ്രീയപ്പെട്ട ഇച്ചാക്കയ്ക്ക് മോഹൻലാല്‍ പിറന്നാൾ ആശംസിക്കുന്നുമുണ്ട്. ഇരുവരുടെയും ഈ സ്നേഹം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എത്രയൊക്കെ ഫാൻ ഫൈറ്റുകൾ പുറത്തുനടന്നാലും അതൊന്നും തന്നെ ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മമ്മൂട്ടിക്കൊരു ആരോഗ്യ പ്രശ്നം വന്നപ്പോൾ ശബരിമലയിൽ പോയി വഴിപാട് അർപ്പിച്ച മോഹൻലാലിനെ അടക്കം മലയാളികൾ കണ്ടതാണ്. നിലവിൽ ആരോഗ്യവാനായി തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി. ഈ അവസരത്തിൽ അദ്ദേഹത്തെ കുറിച്ചും പാട്രിയേറ്റ് സിനിമയെ കുറിച്ചും കഴിഞ്ഞ ദിവസം മോഹൻലാല്‍ തുറന്ന് സംസാരിച്ചിരുന്നു.
മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന്, “വളരെ സന്തോഷം. നന്ദി ദൈവമേ എന്നാണ് പറയേണ്ടത്. ഒരുപാട് പേരുടെ പ്രാർത്ഥനയാണ്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു. പോയി കാണുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യമാണ്. സ്വന്തമായി അനുഭവിക്കേണ്ട കാര്യമാണ്. ഏത് കാര്യമായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഉള്ളിൽ സംഭവിക്കുന്ന കാര്യമല്ലേ. ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടായി. ഞങ്ങൾ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പാട്രിയേറ്റ് എന്ന സിനിമയിൽ. അതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു”, എന്നാണ് മോഹൻലാൽ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.