പൊലീസായി നവ്യ, ഒപ്പം സൗബിനും, പാതിരാത്രി നാളെ മുതൽ തിയറ്ററിൽ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പാതിരാത്രി’ നാളെ തീയേറ്ററുകളിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ‘പാതിരാത്രി’ നിർമിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. പ്രേക്ഷക – നിരൂപക പ്രശംസ നേടി മമ്മുട്ടി നായകനായ ‘പുഴു’ എന്ന സിനിമക്ക് ശേഷം രത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘പാതിരാത്രി’.
2010 ൽ മലയാള സംവിധായിക രേവതിയുടെ സഹായിയായി രത്തീന തന്റെ സിനിമാ ജീവിതം ആരംഭിക്കുകയും, പിൻകാലങ്ങളിൽ കുങ്കുമപ്പൂവ് എന്ന സീരിയലിന്റെ പ്രൊഡക്‌ഷനിൽ ഭാഗമാവുകയും ചെയ്തു. സെവൻ ആർട്സിന്റെ പ്രിയദർശൻ പടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ വിവിധ മേഖലകളെ കുറിച്ച് കൂടുതൽ പഠിക്കുകയും പരിചയപ്പെടുകയും ചെയ്ത രത്തീന ഒരു സ്വതന്ത്ര സംവിധായിക എന്ന നിലയിലുള്ള അവരുടെ അരങ്ങേറ്റം പുഴു എന്ന ചിത്രത്തിലൂടെയാണ് അടയാളപ്പെടുത്തിയത്. ഉയരെ ജാനകി ജാനെ എന്നീ സിനിമകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
U/A സർട്ടിഫിക്കറ്റോടെ തീയേറ്ററുകളിൽ എത്തുന്ന പുതിയ ചിത്രം പാതിരാത്രി ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. 44 ലക്ഷത്തിന് മുകളിൽ യൂട്യൂബ് വ്യൂസ് ഇതുവരെ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് പാതിരാത്രിയുടെ കഥാതന്തു എന്നാണ് ട്രെയ്‌ലർ
നവ്യ നായർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് ട്രെയിലർ വികസിക്കുന്നത്. ഉദ്വേഗഭരിതമായ ട്രെയ്‌ലർ രംഗങ്ങൾ പ്രേക്ഷകരിൽ ആകാംഷയും പ്രതീക്ഷയും ഉണർത്തുന്നവയാണ്. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ചിത്രത്തിലെ പ്രോമോ ഗാനം ട്രെൻഡിങ്ങിൽ തുടരുകയാണ്.
ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളായാണ് നവ്യയും സൗബിനുമെത്തുന്നത്. ഇവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിച്ചു.
സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി – ലാലാ റിലേഷൻസ്, പിആർഒ – ശബരി.