‘മുരളിയും മമ്മൂക്കയും തമ്മിൽ പിണക്കത്തിലായിരുന്നു, ആ വേഷം ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ചെയ്തത്

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു മുരളി. സ്വഭാവ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. താരസംഘടനയായ അമ്മയ്ക്ക് പേരിട്ടതും മുരളിയായിരുന്നു. സൂര്യ നായകനായ ആദവനായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇപ്പോഴിതാ മുരളിയെക്കുറിച്ചുളള ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മകൾ കാർത്തിക. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
കുടുംബത്തിനുവേണ്ടിയാണ് അച്ഛൻ ജീവിച്ചിരുന്നത്. വെങ്കലം സിനിമയുടെ സെറ്റിൽ അച്ഛൻ എന്നെയും അമ്മയേയും കൊണ്ടുപോയിരുന്നു. അതിൽ ഉർവ്വശിയുമായുളള ഒരു പാട്ട് സീനിൽ അച്ഛൻ അഭിനയിക്കുകയായിരുന്നു. അച്ഛൻ അഭിനയിച്ചതിൽ നെയ്ത്തുകാരൻ എന്ന സിനിമയിലെ വേഷം ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നതായി പറഞ്ഞിട്ടുണ്ട്. നല്ല വയസുളള കഥാപാത്രമായിരുന്നു അത്. പ്രായമുളളവരുടെ രീതി പഠിച്ചാണ് അച്ഛൻ ആ വേഷം ചെയ്തത്.അച്ഛന് വയ്യാത്തതുപോലും ആരും അറിഞ്ഞിരുന്നില്ല.
സൂര്യ നായകനായ ആദവനിലാണ് അച്ഛൻ അവസാനമായി അഭിനയിച്ചത്. ആഫ്രിക്കയിലായിരുന്നു ഷൂട്ടിംഗ്. തണുപ്പുളള കാലാവസ്ഥയായിരുന്നു. അച്ഛന് ന്യുമോണിയായി. അതോടെയാണ് അച്ഛൻ മരിച്ചത്. അച്ഛന്റെ മരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിനെ അതിജീവിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ദേശീയ പുരസ്‌കാരം കിട്ടിയപ്പോൾ അച്ഛൻ ഒരുപാട് സന്തോഷിച്ചിരുന്നു. അച്ഛനും മമ്മൂക്കയും വലിയ സൗഹൃദത്തിലായിരുന്നു. എന്റെ വിവാഹത്തിനും വന്നിരുന്നു. നല്ല ആത്മബന്ധത്തിലായിരുന്നു. പക്ഷെ അവർ തമ്മിൽ പിണങ്ങിയത് എന്തിനായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല. താരസംഘടനയായ അമ്മയ്ക്ക് പേരിട്ടത് അച്ഛനായിരുന്നു’- കാർത്തിക പറഞ്ഞു.