മലയാളം സീരിയല്‍ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട് ‘മൗനരാഗം’

മലയാള ടെലിവിഷൻ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ മൗനരാഗം. ഇന്ന് വൈകിട്ട് 6 മണിക്ക് സംപ്രേഷണം ചെയ്തത് പരമ്പരയുടെ 1526-ാം എപ്പിസോഡ് ആയിരുന്നു. ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മൗനരാഗം.
‘കല്യാണി’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഈ സീരിയൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
പരസ്പര സ്നേഹവും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവും പ്രണയവുമെല്ലാം സീരിയലിൽ പ്രമേയമാകുന്നു. ഊമയായിരുന്ന കല്യാണി അടുത്തിടെ സംസാരിക്കാൻ തുടങ്ങിയിരുന്നു. ഐശ്വര്യ റാംസായ് ആണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ഐശ്വര്യ ഈ സീരിയിലിനു വേണ്ടി വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. നലീഫ് ജിയ ആണ് നായകനായ കിരണിലെ അവതരിപ്പിക്കുന്നത്. നലീഫും ഒരു തമിഴ് മോഡലാണ്. കല്യാണി- കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്.
മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവുകൊണ്ട് മാത്രം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. കല്യാണിയായി എത്തി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാൻ ഐശ്വര്യക്കും സാധിച്ചു.
തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെയും മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് സ്‌നേഹിക്കുന്നത്. ഇനി വരുന്ന ഓരോ എപ്പിസോഡും മലയാളം ടെലിവിഷനില്‍ മൗനരാഗം തീർക്കുന്ന പുതിയ ചരിത്രങ്ങളായിരിക്കും. ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്കാണ് പരമ്പരയുടെ സംപ്രേഷണം.



