എസ്തറിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മോഹൻലാലിന്റെ ‘കുസൃതി’; വൈറലായി താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!

മലയാളത്തിന്റെ നടനവിസ്മയം നടൻ മോഹൻലാൽ സഹപ്രവർത്തകരോട് സ്നേഹവും തമാശയും പങ്കുവയ്ക്കുന്നതിൽ എപ്പോഴും മുന്നിലാണ്. ഇപ്പോഴിതാ യുവനടി എസ്തർ അനിലിന്റെ ചിത്രം എഡിറ്റ് ചെയ്ത് മോഹൻലാൽ നടത്തിയ കുസൃതിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദൃശ്യം’ സിനിമകളിലൂടെ ലാലിന്റെ മകളായി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ.

മോഹൻലാലിന്റെ ഈ തമാശ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ചിത്രം പങ്കുവച്ച് എസ്തർ നൽകിയ രസകരമായ അടിക്കുറിപ്പുകളും ശ്രദ്ധേയമാണ്. ‘ലാൽ അങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി അതിജീവിക്കുന്നു. ആരെങ്കിലും എന്നെ രക്ഷപ്പെടുത്തണേ’ എന്നായിരുന്നു എസ്തർ കുറിച്ചത്.
കൂടാതെ ഒരേ ഒരു മോഹൻലാൽ സൃഷ്ടിച്ച കലാരൂപമെന്നും താരം പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ് കുട്ടിയുടെ ഇളയ മകൾ അനുമോളെയാണ് എസ്തർ അവതരിപ്പിച്ചത്. ദൃശ്യം രണ്ടിലും ഈ താരജോഡി വിജയം ആവർത്തിച്ചു. നിലവിൽ ദൃശ്യം മൂന്നിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.



