Cinema

ദിലീപിനൊപ്പം മോഹന്‍ലാല്‍; ‘ഭഭബ’ ട്രെയ്‍ലര്‍ എത്തി

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭഭബ (ഭയം ഭക്തി ബഹുമാനം) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ സാന്നിധ്യം ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. ട്രെയ്‍ലറിലും മോഹന്‍ലാലും ദിലീപും ഒരുമിച്ചുള്ള രംഗങ്ങള്‍ ഉണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബയുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കോമേഡിയൻ റെഡിന്‍ കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. മാസ് എന്റർടെയ്നർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ലഭ്യമാകുന്ന വിവരം. കോ പ്രൊഡ്യൂസേര്‍സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ റെഫറന്‍സും ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ദിലീപിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നേരത്തെ പുറത്തെത്തിയ ഒരു പോസ്റ്ററില്‍ ഒരു ജീപ്പ് ഉണ്ടായിരുന്നു. ടിഎന്‍ 59- 100 എന്നായിരുന്നു അതിന്‍റെ നമ്പര്‍. ഇതേ നമ്പറില്‍ സമാന വാഹനം വിജയ് ഒരു ചിത്രത്തില്‍ ഉപയോ​ഗിച്ചിട്ടുണ്ട്. ധരണിയുടെ സംവിധാനത്തില്‍ വിജയ് നായകനായി 2004 ല്‍ പുറത്തെത്തിയ ​ഗില്ലി എന്ന ചിത്രത്തിലാണ് ഈ നമ്പരുള്ള വാഹനം ഉള്ളത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഈ വാഹനത്തിന്‍റേത് മാത്രമായ ഒരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്‍മാന്‍, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, അഡീഷണല്‍ സ്ക്രീന്‍പ്ലേ, ഡയലോഗ്സ് ധനഞ്ജയ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് എം താനൂര്‍, ആക്ഷന്‍ കലൈ കിംഗ്സണ്‍, സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, വെങ്കിട് സുനില്‍ (ദിലീപ്), മേക്കപ്പ് റോണക്സ് സേവ്യര്‍, കൊറിയോഗ്രഫി സാന്‍ഡി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button