Cinema

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍?

ഏറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം എല്‍ 365 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തല്ലുമാല ,വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്.

കഥ – തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി . ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും. മലയാളത്തില്‍ മോഹന്‍ലാലിന്റെതായി അവസാനം ഇറങ്ങിയ തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. 150 കോടിയോളം ബോക്‌സോഫീസില്‍ തുടരും നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം വന്‍ കൈയ്യടിയാണ് നേടിയത്.

ചിത്രത്തിന്റെ പോസ്റ്റര്‍ ഏവരില്‍ കൗതുകമുണ്ടാക്കുന്നുണ്ട്.ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് ഘ365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടത് കാണാം. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുമോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള ടീമിന്റെ ചിത്രവും ആഷിഖ് ഉസ്മാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ അടുത്ത വമ്പന്‍ വാര്‍ത്തയിതാ. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കും’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആഷിഖ് ഉസ്മാന്‍ കുറിച്ചിരിക്കുന്നത്.

അതേ സമയം അടുത്തതായി മോഹന്‍ലാലിന്റെ ചിത്രമായി തീയറ്ററില്‍ എത്തുക മലയാളികള്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്നതാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം ആയിരിക്കും. ഓണത്തിന് തീയറ്ററില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button