ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍

കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും പൊതുവേദിയിൽ നിന്നും മാറി നിൽക്കുകയാണ് നടൻ മമ്മൂട്ടി. ശാരീരിക അസ്വസ്ഥതകളെത്തുടർന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം താരം അസുഖമുക്തനായി തിരിച്ച് വരുന്നുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയത്. നിരവധി പേരാണ് താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കി പോസ്റ്റ് പങ്കുവച്ചത്.
ഇതിനിടെയിൽ ഒരു പരിപാടിക്കിടെ സ്റ്റേജിൽ വെച്ച് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മനോഹരമായ ചിത്രമാണ് നടൻ മോഹൻലാൽ പങ്കുവച്ചത്. ഇച്ഛാക്കയുടെ തിരിച്ചുവരവിലുള്ള സന്തോഷം ആ ഒറ്റ ചിത്രത്തിൽ വ്യക്തമാണ്. മമ്മൂട്ടി രോഗബാധിതനായതിന് പിന്നാലെ മോഹൻലാൽ ശബരിമല ദർശനം നടത്തിയതും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും വലിയ വാർത്തയായിരുന്നു.
എന്നാൽ അത് ചിലർ തെറ്റിദ്ധരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നുമാണ് മോഹൻലാൽ ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിനെ തെറ്റിദ്ധരിക്കുന്നതാണ് സങ്കടം. ഒരുപാട് പേര് അതിനെ തെറ്റിദ്ധരിക്കാന്‍ സാഹചര്യമുണ്ടാക്കി. അതിന്റെ കാര്യമില്ലായിരുന്നു. ഒരാളെ സ്നേഹിക്കാനോ അയാള്‍ക്ക് വേണ്ടി ചിന്തിക്കാനോ ഒന്നും മതത്തിന്റെ കാര്യമില്ല. സിനിമയില്‍ അങ്ങനെ ഒന്നും ഇല്ല. ഒരു കഥാപാത്രം ചെയ്യുന്നത് മതം നോക്കി ഒന്നും അല്ലല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോൾ വളരെ അധികം സന്തോഷമുണ്ട്. ഒരു സംശയം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് മാറിയെന്നുമാണ് മോഹൻലാൽ പറയുന്നത്. വളരെ സന്തോഷവാനായി വന്നിട്ട് തങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. അദ്ദേഹവും താനും ചെയ്യുന്ന ഒരു സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഒരുമിച്ച് ചെയ്യാനുണ്ട്. അതിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.