ടിക്കറ്റ് ബുക്കിംഗില്‍ മാര്‍ക്കോ, ആവേശം, ഭ്രമയുഗം വീണു! മോളിവുഡ് ഓള്‍ ടൈം ലിസ്റ്റിലേക്ക് ഡീയസ് ഈറേ

ഹൊറര്‍ ജോണറില്‍ മോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. റെഡ് റെയിന്‍, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍. റെഡ് റെയിന്‍ പ്രേക്ഷകശ്രദ്ധ നേടാതെപോയ ചിത്രമായിരുന്നെങ്കില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഭൂതകാലവും തിയറ്റര്‍ റിലീസ് ആയി എത്തിയ ഭ്രമയുഗവും വലിയ പ്രേക്ഷകപ്രീതി നേടി.
ഇപ്പോഴിതാ ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേയും. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഈ ചിത്രവും ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. അണിയറക്കാര്‍ ഏറെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ക്യാംപെയ്നും ചിത്രത്തിന് പ്ലസ് ആവുന്ന കാഴ്ചയാണ് തിയറ്ററുകളില്‍. ആദ്യദിനം ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് ചിത്രം നേടിയത്.
മലയാളത്തില്‍ ആദ്യമായി റിലീസിന് തലേരാത്രി കേരളമൊട്ടാകെ പെയ്ഡ് പ്രീമിയര്‍ ഷോ നടത്തിയ ചിത്രമാണ് ഡീയസ് ഈറേ. അതിന് മുന്‍പ് അണിയറക്കാര്‍ അഭിമുഖങ്ങളോ പ്രസ് മീറ്റുകളോ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ പ്രീമിയര്‍ ഷോകളിലൂടെ ചിത്രം ക്ലിക്ക് ആയതോടെ ആദ്യ ദിനം ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുന്ന കാഴ്ചയായിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകള്‍ എടുത്താല്‍ അവിടെനിന്ന് മാത്രം ഡീയസ് ഈറേ ആദ്യ ദിനം വിറ്റത് 2.38 ലക്ഷം ടിക്കറ്റുകളാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആദ്യ ദിന ബുക്ക് മൈ ഷോ വില്‍പ്പനയുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇതോടെ ചിത്രം.
മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന ബുക്ക് മൈ ഷോ വില്‍പ്പന മോഹന്‍ലാല്‍ ചിത്രം തുടരുമിന്‍റെ പേരിലാണ്. 4.19 ലക്ഷം ടിക്കറ്റുകളാണ് തുടരും ആദ്യദിനം വിറ്റത്. രണ്ടാം സ്ഥാനത്ത് എമ്പുരാന്‍ ആണ്. 3.79 ലക്ഷം ടിക്കറ്റുകള്‍. മൂന്നാമത് ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതം. 2.94 ലക്ഷമാണ് ആടുജീവിതത്തിന്‍റെ ബുക്ക് മൈ ഷോ ഓപണിംഗ് സെയില്‍സ്. നാലാമതാണ് ഡീയസ് ഈറേ.
സമീപകാല മലയാള സിനിമയിലെ പല ശ്രദ്ധേയ ചിത്രങ്ങളെയും ഇക്കാര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രം മറികടന്നിട്ടുണ്ട്. മാര്‍ക്കോ (1.86 ലക്ഷം), മഞ്ഞുമ്മല്‍ ബോയ്സ് (1.48 ലക്ഷം), ആവേശം (1.46 ലക്ഷം), ടര്‍ബോ (1.46 ലക്ഷം), ലോക (1.37 ലക്ഷം), ഹൃദയപൂര്‍വ്വം (1.14 ലക്ഷം), ഭ്രമയുഗം (1.04 ലക്ഷം) തുടങ്ങിയ ചിത്രങ്ങളെയൊക്കെ ബുക്ക് മൈ ഷോ റിലീസ് ഡേ ടിക്കറ്റ് സെയില്‍സില്‍ ഡീയസ് ഈറേ മറികടന്നിട്ടുണ്ട്. ആദ്യ വാരാന്ത്യ കളക്ഷനില്‍ ചിത്രം മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണ്



