സ്വന്തം കാറുവരെ വിൽക്കേണ്ടി വന്നു, ഹിറ്റ് ചിത്രത്തിൽ നിന്ന് മമ്മൂക്ക പിൻമാറി

മലയാളത്തിലെ ഒട്ടനവധി വിജയ ചിത്രങ്ങളുടെ നിർമാതാവാണ് എം രഞ്ജിത്ത്. മോഹൻലാൽ നായകനായി അടുത്തിയെ പുറത്തിറങ്ങിയ ‘തുടരും’ എന്ന ചിത്രം നിർമിച്ചതും അദ്ദേഹമാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് താൻ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രഞ്ജിത്ത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിർമിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. ഒരു വേദിയിൽ വച്ച് ഞാൻ അദ്ദേഹത്തിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് പറയുമ്പോൾ ഞാൻ കരഞ്ഞുപോകും. മുൻപ് എന്റെ അവസ്ഥ വലിയ മോശമായിരുന്നു. നിമിഷങ്ങൾ കൊണ്ട് ഞാൻ സിനിമയിൽ ആരുമല്ലാത്ത ഒരാളായി മാറി. ആ സമയത്ത് ഏത് ജോലിക്ക് പോയാലും കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല.
അമ്മയുടെ പേരിലുളള സ്ഥലവും കാറും വിൽക്കേണ്ടി വന്നു.ആ സമയത്ത് എന്റെ അടുത്ത സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകാൻ കഴിയുമോയെന്ന് ചോദിച്ചു. ഞാനത് ചെയ്തു. കുറച്ച് സിനിമകൾ ചെയ്തപ്പോൾ തന്നെ രക്ഷപ്പെട്ടു. കളിയൂഞ്ഞാൽ സിനിമയിലൂടെയാണ് ഞാനും മമ്മൂക്കയും അടുപ്പത്തിലായത്. എത്ര പ്രശ്നങ്ങൾ ഉണ്ടായാലും നന്നായി നടക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ആ സ്വഭാവം മമ്മൂക്കയ്ക്ക് ഇഷ്ടമായിരുന്നു.
ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. ഞാൻ വീണ്ടും ഒരു നിർമാതാവാകും എന്ന് ഉറപ്പിച്ച് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം.അങ്ങനെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഡ്രൈവിംഗ് ലൈസൻസായിരുന്നു ആ ചിത്രം. അത് എന്റെ കഥയാണ്. ആർക്കും അത് അറിയില്ല. ഞാൻ വർഷങ്ങൾക്ക് മുൻപ് ലൈസൻസ് എടുത്ത കഥയാണ്.
സിനിമയുടെ തിരക്കഥ തയ്യാറായി. പക്ഷെ അവസാനം നായക വേഷം മറ്റൊരാളിലേക്ക് പോകുന്ന ഒരു സീൻ ആ ചിത്രത്തിലുണ്ട്. മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ചെറിയ പ്രശ്നമായിരുന്നു. അങ്ങനെയാണ് മമ്മൂക്കയും ഞാനും ആ ചിത്രത്തിൽ നിന്ന് പിൻമാറിയത്. അങ്ങനെ എന്റെ ആഗ്രഹം നടക്കാതെ പോയി. അത് ഹിറ്റ് ചിത്രമായിരുന്നു. എനിക്കും തരുൺ മൂർത്തിക്കും ഇനിയും ഒരുമിച്ച് സിനിമ ചെയ്യണമെന്നുണ്ട്’- രഞ്ജിത്ത് പറഞ്ഞു.