Cinema

മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം പാട്രിയറ്റ്

മലയാളത്തിലെ ഈ വര്‍ഷത്തെ അപ്‍കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് പാട്രിയറ്റ്. വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നു എന്നതാണ് അതിന് കാരണം. മഹേഷ് നാരായണന്‍ ആണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇത്ര പ്രധാനപ്പെട്ട ഒരു ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ ആവശ്യത്തിന് വരുന്നില്ലെന്ന് താരങ്ങളുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ അണിയറക്കാരില്‍ നിന്നും ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ കഥാപാത്രങ്ങളെ നാളെ മുതല്‍ പരിചയപ്പെടുത്തും എന്നാണ് എത്തിയിരിക്കുന്ന പ്രഖ്യാപനം. സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബര്‍ തുടക്കത്തിലായിരുന്നു ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്.

മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. കൊച്ചി, ശ്രീലങ്ക, ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button