മമ്മൂട്ടിയും ക്യൂബ്സ് എന്റർടൈൻമെന്റും ഒന്നിക്കുന്നു; വരുന്നത് വമ്പൻ പ്രൊജക്ട്

മലയാള സിനിമയിൽ നിന്ന് മറ്റൊരു വമ്പൻ വാർത്തയാണ് പുറത്തു വരുന്നത്. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒരുമിച്ച് എത്തുന്ന പുതിയ സിനിമയുടെ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. മാർക്കോയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ഒരുങ്ങുന്ന കാട്ടാളന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് അതിനു ശേഷം വരാൻ പോകുന്ന ഏറ്റവും വലിയ പ്രോജക്ട് മമ്മുക്ക ചിത്രമായിരിക്കും. മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു മാറ്റം നിറഞ്ഞ കഥാപാത്രത്തിൽ കാണാനാണ് ഈ ചിത്രത്തിൽ സാധ്യതയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്തായാലും ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
കാട്ടാളൻ ഒരുങ്ങുന്നു
അതേസമയം ആന്റണി വർഗീസ് നായകനായി എത്തുന്ന കാട്ടാളൻ ആണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. വമ്പൻ ക്യാൻവാസിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതുമാണ് ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചിരുന്നത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.



