Cinema

“കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, തിരിച്ച് ഇത്രമാത്രം ചോദിച്ചു;സാന്ദ്ര തോമസ്

കൊച്ചി: നിർമാതാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഗാസ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

എന്റെ സിനിമയിൽ വർക്ക് ചെയ്തവരും ചെയ്യാത്തവരുമായ ഒരുപാട് താരങ്ങൾ മെസേജ് അയച്ചിട്ടുണ്ട്. പുലിക്കുട്ടിയെന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് കൂടുതലും. സന്തോഷമെന്തെന്നാൽ അതിൽ പുരുഷന്മാരാണ് കൂടുതലും മെസേജ് അയച്ചത്. ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്തതാണ് സാന്ദ്ര ചെയ്തതെന്നൊക്കെയാണ് പറഞ്ഞത്. മെയിൻസ്ട്രീം നടന്മാരടക്കം മെസേജ് ചെയ്തു. അതൊക്കെ കാണുമ്പോൾ സന്തോഷമുണ്ട്. മാനസികമായ പിന്തുണ തരുന്നുണ്ടല്ലോ.

അതിൽ സന്തോഷമേയുള്ളൂ.പറയാമോ എന്നറിയില്ല, പക്ഷേ പറയുകയാണ്. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. മുക്കാൽ മണിക്കൂറോളം സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ അവരോടും ഇത് പറയുമോ എന്നാണ് ചോദിച്ചത്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടുപോകരുത്, ഇത് ഭാവിയിൽ എന്നെ ബാധിക്കും, എനിക്കിനി സിനിമയുമായി മുന്നോട്ടുപോകാനാകില്ല, ഈ നിർമാതാക്കൾ എന്റെ സിനിമ തീയേറ്ററിൽ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്ന സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ചോദിച്ചു.

ഇനി സാന്ദ്രയുടെ ഇഷ്ടം പോലെയെന്നും താൻ ഇനിയൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയുണ്ടായിരുന്നു. അതിൽ നിന്ന് പിന്മാറി. എന്നെയിവിടുന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷൻ മനസിലാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലാലേട്ടൻ എന്നോട് ഈ വിഷയത്തിൽ പ്രതികരിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്നവർ സംസാരിച്ചിട്ടുണ്ട്. അവരൊക്കെ പൂർണ്ണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് നിൽക്കുന്നവർ സംസാരിച്ചതിൽ നിന്ന് ഞാൻ മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്ന് തന്നെയല്ലേ.’- സാന്ദ്ര തോമസ് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button