Cinema

വിജയ് ചിത്രം ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം ജനനായകന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് സെൻസർ ബോർഡിന്റെ ​യു​/​എ​ സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ ഉത്തരവ്. സെൻസർ ബോർഡ് ചെയർമാൻ ചിത്രം റിവ്യൂ കമ്മിറ്റിക്കുവിട്ട കത്തും കോടതി റദ്ദാക്കി. ഇന്നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

സജീവ രാഷ്ട്രീയത്തിലിറങ്ങിയ തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന സിനിമ എന്നു പറയപ്പെടുന്ന ചിത്രമാണ് ജനനായകൻ. സെൻസർ ബോർഡ് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതാണ് പ്രതിസന്ധിയിലായത്. അപ്രതീക്ഷിത നീക്കത്തിൽ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർ ബോർഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ വാക്കാൽ ആവശ്യപ്പെട്ടിരുന്നു.

അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി.ചിത്രം യു/ എ സർട്ടിഫിക്കറ്റിന് അർഹമാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. 25 രാജ്യങ്ങളിൽ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ മാത്രമാണ് അനുമതി വൈകുന്നത്. ചിത്രം സെൻസർ ബോർഡ് കണ്ടിട്ടുണ്ട്. ചിത്രം കാണുക പോലും ചെയ്യാത്തൊരാളുടെ പരാതിയെത്തുടർന്നാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്.

റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.ഡിസംബർ 19നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമ്മാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകാതിരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button