സാഹസികതയിൽ ലാലേട്ടൻ വീണ്ടും; ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ബിടിഎസ് വീഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതുകൊണ്ടുതന്നെ പ്രഖ്യാപന വേള മുതൽ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തെലുങ്ക് ചിത്രമായിരുന്നു ‘കണ്ണപ്പ’. വിഷ്ണു മഞ്ചു നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ‘കിരാത’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്.
എന്നാൽ 2025 ജൂൺ 27ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. 100 മുതൽ 150 കോടി രൂപ വരെ മുടക്കി നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ വെറും 42.74 കോടി രൂപ മാത്രമാണ് സമാഹരിച്ചത്.
ചിത്രം റിലീസ് ചെയ്ത് ഒരു വർഷം തികയാനിരിക്കെ, മോഹൻലാലിന്റെ സംഘട്ടന രംഗങ്ങളുടെ ബിടിഎസ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മലമുകളിൽ വച്ച് വിഷ്ണു മഞ്ചുവിന്റെ കഥാപാത്രവുമായി ഏറ്റുമുട്ടുന്ന രംഗത്തിൽ മോഹൻലാൽ വാളിന് മുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്നതും ചാടുന്നതുമാണ് വീഡിയോയിലുള്ളത്.
റോപ്പുകളുടെ സഹായത്തോടെയാണ് ഈ സാഹസിക രംഗം ചിത്രീകരിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പ്രായം വകവെക്കാതെ ഇത്തരം കഠിനമായ വേഷങ്ങൾ ചെയ്യുന്ന ലാലേട്ടന്റെ ആവേശത്തെ ആരാധകർ പ്രശംസിക്കുമ്പോഴും, ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇത്തരം വേഷങ്ങളിൽ നിന്ന് പിന്മാറണമെന്ന് ചിലർ സ്നേഹപൂർവ്വം ഉപദേശിക്കുന്നുമുണ്ട്.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു. പ്രഭാസിന്റെ അതിഥി വേഷം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചെങ്കിലും ദുർബലമായ തിരക്കഥയും മേക്കിംഗിലെ പോരായ്മകളും കാരണം ചിത്രം ട്രോളുകൾക്ക് ഇരയായി. സാമ്പത്തികമായി വലിയ പരാജയം ഏറ്റുവാങ്ങിയ ‘കണ്ണപ്പ’ വൻ താരനിരയുണ്ടായിട്ടും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ കഴിയാതെ പിൻവാങ്ങുകയായിരുന്നു.



