Cinema

വൃഷഭയിലെ ലാൽ മാജിക്; വിജയകരമായി പ്രദർശനം തുടരുന്നു

ഇന്ത്യൻ സിനിമയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മോഹൻലാൽ എന്ന അഭിനയ വിസ്മയം ‘വൃഷഭ’യിലൂടെ വെള്ളിത്തിരയിൽ വീണ്ടും വിസ്‍മയം തീർക്കുകയാണ്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. ക്രിസ്മസ് അവധിക്കാലം കൂടി എത്തിയതോടെ കുടുംബപ്രേക്ഷകരുടെ വലിയൊരു തിരക്കാണ് അനുഭവപ്പെടുന്നത്.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അനായാസമായി ആണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. വർത്തമാനകാലത്തെ മുംബൈയിലെ അതിസമ്പന്നനായ ബിസിനസ്സ് അധിപൻ ആദി ദേവ വർമ്മയായും, ഭൂതകാലത്തിലെ ത്രിലിംഗ സാമ്രാജ്യത്തിന്റെ അജയ്യനായ പോരാളി രാജ വിജയേന്ദ്ര വൃഷഭയായും അദ്ദേഹം നിറഞ്ഞുനിൽക്കുന്നു. “കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ” എന്ന് സംവിധായകൻ നന്ദ കിഷോർ വിശേഷിപ്പിച്ചത് എത്രത്തോളം ശരിയാണെന്ന് സിനിമയിലെ ഓരോ ഫ്രെയിമും സാക്ഷ്യപ്പെടുത്തുന്നു.

തിയേറ്ററുകളിൽ ‘God of Acting’ (അഭിനയത്തിന്റെ ദൈവം) എന്ന ടൈറ്റിൽ കാർഡോടെ അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ മുഴങ്ങുന്ന കരഘോഷങ്ങൾ മലയാളത്തിന്റെ ഈ മഹാനടന്റെ അപ്രമാദിത്വം വിളിച്ചോതുന്നു. നന്ദ കിഷോറിന്റെ ദീർഘവീക്ഷണമുള്ള സംവിധാനം ചിത്രത്തിന് ഒരു ലോകോത്തര നിലവാരം നൽകുന്നു. സാം സി.എസിന്റെ സംഗീതം ഓരോ രംഗത്തിന്റെയും തീവ്രത വർദ്ധിപ്പിക്കുമ്പോൾ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ശബ്ദവിന്യാസം തിയേറ്ററുകളിൽ ഒരു നവ്യാനുഭവം പകരുന്നു.

തെലുങ്ക് താരം റോഷൻ മേക്കയുടെ ഊർജ്ജസ്വലമായ പ്രകടനവും ഷനയ കപൂർ, സഹറ എസ് ഖാൻ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് പാൻ-ഇന്ത്യൻ സ്വീകാര്യത നൽകുന്നു. കേരളത്തിൽ ആശീർവാദ് സിനിമാസ് വിതരണത്തിനെടുത്തിരിക്കുന്ന ഈ ചിത്രം, ലാലേട്ടൻ എന്ന ഇതിഹാസത്തിന്റെ അഭിനയസപര്യയിലെ അവിസ്‍മരണീയമായ നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ‘ഒരു ദൃശ്യവിസ്‍മയം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button