30ാം ദിനം കാന്താര നേടിയത് ഞെട്ടിക്കുന്ന തുക; ഒടിടിയില്‍ എത്തിയിട്ടും തിയറ്റുകളിലേക്ക് ജനം

കാന്താര ചാപ്റ്റര്‍ വണ്‍ വൻ വിജയമാണ് നേടിയത്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 110.4 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്‍ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ രണ്ടിനാണ് പ്രദര്‍ശനത്തിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ തിയറ്ററിലേക്ക് ജനം എത്തുന്നുണ്ട്. മുപ്പതാം ദിവസം ഒന്നരക്കോടിയോളം ചിത്രം നേടി. അതില്‍ ഒരു കോടിയോളം ഹിന്ദി പതിപ്പാണ് നേടിയത് എന്ന പ്രത്യേകതയുമുണ്ട്.
കാന്താരയുടെ വിജയ്‍ത്തെ കുറിച്ച് വിജയ് കിരഗന്ദൂർ അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു “കാന്താര ചാപ്റ്റർ 1” ഒരു സിനിമയെക്കാൾ ഏറെ; അത് പാരമ്പര്യം, വിശ്വാസം, മനുഷ്യ വികാരങ്ങൾ എന്നിവയുടെ ആഴത്തിലുള്ള സംയോജനം തന്നെയാണ്. സിനിമയുടെ ആത്മീയതയും, പ്രാദേശികതയിലും പാരമ്പര്യത്തിലും നിൽക്കുന്ന കഥയും, കേരളത്തിലെ പ്രേക്ഷകരെയും അതീവമായി ആകർഷിച്ചു. കേരളത്തിലെ പ്രേക്ഷകർ നൽകിയ ഈ സ്വീകാര്യത ഞങ്ങളെ അത്യന്തം സന്തോഷിപ്പിക്കുന്നു. ഭാഷയും അതിരുകളും കടന്ന് പോകുന്ന ഈ സ്നേഹമാണ് ‘കാന്താര’യെ ജങ്ങൾക്കിടയിൽ ഇത്രയും സ്വീകാര്യമാക്കിയത് എന്ന് ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗന്ദൂർ അഭിപ്രായപ്പെട്ടു.
കേരളം എപ്പോഴും മികച്ച സിനിമയെ വിലമതിക്കുന്ന നാടാണ് എന്ന് ഋഷഭ് ഷെട്ടി അഭിപ്രായപ്പെട്ടു. ഞങ്ങളുടെ സിനിമയോട് കാണിച്ച ഈ സ്‌നേഹത്തിനും ആദരവിനും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു.”സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്‍മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



