മോഹൻലാലിനു പകരം ആരാകും? ‘അമ്മ’ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുളള നടപടികൾ ഇന്ന് മുതൽ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. ഈ മാസം 24നാണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉയർന്നു കേൾക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്.
മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.