ആറന്മുള വള്ളംകളിക്ക് ആവേശം പകർന്ന് ജയസൂര്യ

ആറൻമുള വള്ളംകളിയിൽ തിളങ്ങി നടൻ ജയസൂര്യ. വള്ളംകളി കാണാനെത്തിയ താരത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചന്ദന നിറത്തിലുള്ള കുർത്തയും മുണ്ടും ധരിച്ചാണ് ജയസൂര്യ പരിപാടിക്കെത്തിയത്. സാംസ്കാരിക സമ്മേളനത്തിലും താരം സംസാരിച്ചു. ആരാധകരോടൊത്ത് സംവദിച്ച താരം അവർക്കൊപ്പം സെൽഫിയെടുത്താണ് മടങ്ങിയത്.
മേലുകര, കൊറ്റാത്തൂർ കൈതക്കോടി പള്ളിയോടങ്ങളാണ് ആറൻമുള വള്ളംകളിയിലെ യഥാക്രമം എ, ബി ബാച്ച് ജേതാക്കളായത്. വർണാഭമായ ജലഘോഷയാത്രയ്ക്കു ശേഷമായിരുന്നു മൽസരം. വള്ളംകളിക്ക് കേന്ദ്രസർക്കാർ 15 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
എ ബാച്ചിൽ 35 പള്ളിയോടങ്ങളിൽ അയിരൂർ, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക്, മേലുകര എന്നിവർ ഫൈനലിൽ എത്തി. അവസാന വട്ട തുഴച്ചിലിൽ മേലുകര എട്ടാംതവണയും മന്നംട്രോഫി ജേതാക്കളായി. കോടിയാട്ടുകര, തൈമറവുംകര പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കൊറ്റാത്തൂർ കൈതക്കോടി ജേതാക്കളായത്. തർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോയിപ്രം പള്ളിയോടം എ ബാച്ച് ലൂസേഴ്സ് ഫൈനൽ ബഹിഷ്കരിച്ചു. പള്ളിയോടങ്ങളുടെ വർണ്ണാഭമായ ജല ഘോഷയാത്രയ്ക്ക് ശേഷമാണ് മത്സരങ്ങൾ നടന്നത്.