Cinema

കേരളത്തില്‍ ക്ലിക്ക് ആയോ ‘കാന്താര’? 281 തിയറ്ററുകളില്‍ നിന്ന് ആദ്യദിനം നേടിയ കളക്ഷന്‍

ഭാഷാഭേദമന്യെ വേറിട്ട ഉള്ളടക്കങ്ങളെ എപ്പോഴും കൈയടിച്ച് സ്വീകരിക്കാറുണ്ട് മലയാളികള്‍. ഒരിക്കല്‍ അവരുടെ പ്രിയം നേടിയ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ തിയറ്ററുകളിലെത്തുമ്പോള്‍ വലിയ ആവേശത്തോടെ വരവേല്‍ക്കാറുമുണ്ട്. ആ ലിസ്റ്റിലെ ലേറ്റസ്റ്റ് റിലീസ് ആണ് റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന കാന്താര ചാപ്റ്റര്‍ 1. 2022 ല്‍ പുറത്തെത്തി കന്നഡ സിനിമയുടെ അഭിമാന വിജയങ്ങളിലൊന്നായി മാറിയ കാന്താരയുടെ പ്രീക്വല്‍ ആണ് ഈ ചിത്രം.

ഇന്നലെയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. എല്ലായിടത്തുമെന്നതുപോലെ കേരളത്തിലും ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗും പോസിറ്റീവ് റിവ്യൂസുമാണ് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ഈ ഘടകങ്ങള്‍ എത്രത്തോളം പ്രതിഫലിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കേരള കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം 6.05 കോടി നേടിയതായാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഒരു കന്നഡ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. കെജിഎഫ് 2 ന് ആണ് റെക്കോര്‍ഡ്. 7.30 കോടി ആയിരുന്നു യഷ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. രണ്ട് ചിത്രങ്ങളും വന്‍ തരംഗം തീര്‍ത്ത ചിത്രങ്ങളുടെ തുടര്‍ച്ചകളാണ് എന്ന പ്രത്യേകതയുണ്ട്. ഒപ്പം മറ്റൊരു സാമ്യം കൂടിയുണ്ട്. രണ്ട് ചിത്രങ്ങളുടെയും കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. അതേസമയം പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 60 കോടിയാണ്.

ആഗോള മാര്‍ക്കറ്റുകളിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടാം ദിനത്തിലെയും ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ വമ്പന്‍ ഓപണിംഗ് വീക്കെന്‍ഡിനാവും കന്നഡ സിനിമ സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പാണ്. ഈ വര്‍ഷം അധികം ഹിറ്റുകള്‍ ഇല്ലാതിരുന്ന സാന്‍ഡല്‍വുഡിനെ സംബന്ധിച്ച് കാത്തിരുന്ന വിജയവുമാണ് ഇത്. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആ​ഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ഋഷഭ് ഷെട്ടിയും സംഘവും ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button