അങ്ങോട്ട് വിരട്ടിയാൽ മമ്മൂക്ക പേടിച്ച് പോകും, പുള്ളി ഒരു പാവമാണ്,കെ.ബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു

മമ്മൂട്ടിയെ കുറിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങളെ മുൻനിർത്തിയുള്ള യൂട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാർ. മമ്മൂട്ടി സിനിമയ്ക്ക് സംഭാവനകൾ നൽകിയ വലിയ മനുഷ്യനാണെന്നും, അതുകൊണ്ട് ഒരു തെറ്റുപറ്റിയെന്ന് കരുതി ഇത്തരത്തിൽ അധിക്ഷേപിക്കേണ്ടതില്ലെന്നുമാണ് ഗണേഷ് കുമാർ പറയുന്നത്. മമ്മൂട്ടി കടുംപിടിത്തക്കാരനാണ് എന്ന് പറയുന്നത് ശരിയല്ലെന്നും, അങ്ങോട്ട് വിരട്ടിയാൽ പേടിച്ചുപോവുമെന്നും പറഞ്ഞ ഗണേഷ് കുമാർ, അദ്ദേഹമൊരു പാവമാണെന്നും കൂട്ടിച്ചേർത്തു.
“ഓരോരുത്തർക്കും ഓരോ നേച്ചർ അല്ലേ?. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു. അതൊരു തെറ്റിദ്ധാരണ പരത്തി. അതൊന്നും സാരമില്ല. പോട്ടേ… അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ? മലയാള സിനിമയ്ക്ക് എത്ര വലിയ സംഭാവനകൾ നൽകിയാളാണ്. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ്. അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അതിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല. അദ്ദേഹം കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ അഭിമാനകരമായ ഒരു വ്യക്തിയാണ്.” ഗണേഷ് കുമാർ പറയുന്നു.
“ആ വ്യക്തിയെ കുറിച്ച് അനാവശ്യമായ ചർച്ചകൾ പാടില്ല. അതൊക്കെ അങ്ങ് വിട്ടേക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജില്ല സെക്രട്ടറിക്കും ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനും ഒന്നും സംഭവിക്കില്ല. ജില്ല സെക്രട്ടറി ജില്ല സെക്രട്ടറി അല്ലാതെ ആവുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയേയും ഇഷ്ടപ്പെടും. മമ്മൂക്കയുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണ്. നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായി തോന്നിയില്ല.
പുള്ളി മുഖത്ത് നോക്കി ഇതുപോലെ ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അത് അത്ര സീരയസായി എടുക്കേണ്ടതില്ല. ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല. ദുഷ്ടലാക്കൊന്നുമില്ല. വെറുതെ അങ്ങ് പറയുന്നതാണ്. കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്നയാളല്ല. ഇങ്ങോട്ട് വിരട്ടുകയൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ട് ആരെങ്കിലും വിരട്ടിയാൽ പുള്ളി പേടിച്ച് പോകും.
ദുഷ്ടനൊന്നുമല്ല പാവമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നിസാരമായി വിടണം. അല്ലാതെ അധിക്ഷേപിക്കേണ്ടതില്ല. ആ വിഷയം സംസാരിക്കേണ്ടതില്ല, ചർച്ച ചെയ്യേണ്ടതില്ല… വിട്ടേക്കുക. അദ്ദേഹം ഒരു വല്യേട്ടനാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല. പൊതുവിൽ ഒരു വല്യേട്ടനാണ്. എല്ലാവരേയും പുള്ളി അങ്ങനെയങ്ങ് വിരട്ടും.” ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.



