‘ഷാനവാസ് വിളിച്ച പേര് ഇഷ്ടമായി’; ‘പെൺകോന്തൻ’ വിളിക്ക് മറുപടിയുമായി; ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ

ബിഗ്ബോസിൽ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ. ബിന്നിയുമായുള്ള വഴക്കിനിടെ നൂബിനെ ‘പെൺകോന്തൻ’ എന്ന് ഷാനവാസ് വിശേഷിപ്പിച്ചിരുന്നു. ഇതേക്കുറിച്ചാണ് നൂബിൻ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രതികരിക്കുന്നത്. ”ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താ ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന്. സംസാരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്.
പിന്നെ തോന്നി മറുപടി പറയാമെന്ന്. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ തന്നെ ഷാനവാസ് ഒരിക്കൽ ബിന്നിയുമായുള്ള വഴക്കിനിടെ എന്നെ പെൺകോന്തനെന്ന് വിളിച്ചിരുന്നു. അവിടെ പോകുമ്പോൾ ഇതേക്കുറിച്ച് ചോദിക്കണമെന്ന് ഒരുപാടു പേർ എന്നോടു പറഞ്ഞിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. കാരണം, അവിടെ ഉള്ളവർ ആണല്ലോ ഗെയിം കളിക്കേണ്ടത്. ഇതൊരു ഗെയിം ഷോയാണെന്നും ഞാൻ അവിടെ ഗസ്റ്റായി പോവുകയാണെന്നുമുള്ള വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു.
ഷാനവാസ് എന്നെ പെൺകോന്തനെന്ന് കുറഞ്ഞത് അൻപതു തവണയെങ്കിലും വിളിച്ച് കാണും. ബിന്നിയും ഷാനവാസിന്റെ വീട്ടുകാരെ പറഞ്ഞില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. ഷാനവാസേ നീ നിന്റെ വീട്ടിലുള്ളവരോട് പറയുന്നത് പോലെ ഞങ്ങളോട് പറയരുത് എന്നാണ് ബിന്നി പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. എന്തുകൊണ്ടാണ് ഷാനവാസ് എന്നെ പെൺകോന്തനെന്ന് വിളിച്ചതെന്ന് അറിയില്ല. ചിലപ്പോൾ എന്റെ യൂട്യൂബ് ചാനൽ കണ്ട് കാണും. ചെറുപ്പം മുതൽ വീട്ടുജോലിയിൽ മമ്മിയെ സഹായിക്കുന്ന ആളാണ് ഞാൻ. വീട് തൂത്തുവാരുകയും ഭക്ഷണം ഉണ്ടാക്കുകയുമൊക്കെ ചെയ്യും. കല്യാണം കഴിച്ചശേഷം ഞാൻ എന്റെ ഭാര്യയേയും അതുപോലെ തന്നെ സഹായിക്കുന്നു.
ഷാനവാസ് അവന്റെ ഭാര്യയേയും അമ്മയേയും അടിമകളെപ്പോലെയാകും കാണുന്നത്. എല്ലാവരും അങ്ങനെയാവില്ലല്ലോ. എന്റെ കുടുംബത്തിന് വേണ്ടി ഞാൻ ജോലി ചെയ്യുന്നത് കണ്ടതുകൊണ്ടാണ് പെൺകോന്തനെന്ന് വിളിച്ചതെങ്കിൽ ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കും. ഷാനവാസ് അവന്റെ കൾച്ചർ കാണിച്ചു. അവൻ പെൺപിള്ളേരോട് പെരുമാറുന്ന രീതി തന്നെ ശ്രദ്ധിച്ചാൽ മതി. ഷാനവാസിനെപ്പോലെ തറയായി പെരുമാറാൻ എനിക്ക് കഴിയില്ല. ഷാനവാസ് വിളിച്ച പേര് എനിക്ക് ഇഷ്ടമായി”, നൂബിൻ വീഡിയോയിൽ പറഞ്ഞു.