Cinema

‘സെൻസർ ബോർഡിൽ കയറി എന്റെ പവർ കാണിച്ചിട്ടില്ല;സുരേഷ് ഗോപി

ജെഎസ്‌കെ റിലീസ് ചെയ്യുന്നതിന് വേണ്ടി സെന്‍സര്‍ ബോര്‍ഡില്‍ കയറി തന്റെ പവര്‍ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്‌കെയുടെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇടപെടേണ്ടയിടത്ത് ഇടപെട്ടിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ പോയിട്ടില്ലെന്നും സുരേഷ് ?ഗോപി പറഞ്ഞു. അത് മന്ത്രിയെന്ന നിലയില്‍ തന്റെ വകുപ്പ് പോലുമല്ല. അതിന്റെ വകുപ്പ് മന്ത്രിയും പോയിട്ടില്ല. സിനിമ എപ്പോഴെത്തുമെന്ന് കാത്തിരിക്കുകയായിരുന്നു. അതില്‍ അല്പം കാലതാമസമുണ്ടായി.

താന്‍ സത്യപ്രതിജ്ഞ ചെയ്തൊരു കൗണ്‍സില്‍ അംഗമാണ്. അതിന്റെ മര്യാദകളെല്ലാം താന്‍ പാലിച്ചിട്ടുണ്ട്. നിര്‍മാതാവിനേയും ക്രിയേറ്റീവ് വിഭാഗത്തെയും ഒരുപക്ഷേ ആരെയും അറിയിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ അതിന്റെ ഉന്നതതലത്തില്‍ പങ്കെടുത്ത് ചര്‍ച്ച ചെയ്ത് ചില തീര്‍പ്പുകളിലേക്ക് നയിക്കുന്നതിന് തന്റെ പ്രധാനപ്പെട്ട നേതാക്കളുടെ പിന്തുണയുണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ചെറിയ ചില പ്രശ്‌നങ്ങള്‍ എന്തൊക്കെയോ അവിടെയും ഇവിടെയും ഉണ്ടായിട്ടുണ്ട്. അത് എനിക്കും ട്രാക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. മന്ത്രിസഭ ആരുടേയും പക്ഷത്തില്ല. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് എന്നത് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു.

സിനിമയുടെ സ്‌ക്രീനിങ് മുഴുവന്‍ നടന്നത് തിരുവനന്തപുരത്താണ്. ആദ്യം നിര്‍ദേശിച്ചത് 96 ഇടങ്ങളില്‍ മുറിച്ച് കളയണമെന്നായിരുന്നു. സിനിമയില്‍ റീ ഡബ്ബിങ് ചെയ്തിട്ടില്ല. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകിയുടെ അച്ഛന്റെ പേരിലും മാറ്റം വരുത്തിയിട്ടില്ല. തിരക്കഥയിലുള്ള പേര് തന്നെയാണ് സിനിമയിലുള്ളത്.’ സുരേഷ് ഗോപി പറഞ്ഞു.

സിനിമാ വിവാദത്തില്‍ കേന്ദ്രമന്ത്രിയുടെ പവര്‍ ഉപയോഗിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്നെ അഴിമതിയിലേക്ക് തള്ളി വിടുന്നത് പോലെയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മന്ത്രിയ്ക്ക് കൊമ്പ് ഉണ്ടാകണമെന്ന് ആരും പറയരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button