‘പ്രസവിക്കേണ്ടിവന്നു, എട്ട് മാസം ഗർഭിണിയായിരിക്കെ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ടു’

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. നൃത്തത്തിലൂടെ അഭിനയത്തിലേക്ക് വന്ന ആശ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് ആശ ശരത്ത് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ആശ മനസുതുറന്ന് സംസാരിക്കുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആശ തുറന്ന് സംസാരിക്കുന്നുണ്ട്.
ആശയുടെ വാക്കുകളിലേക്ക് ‘എന്റെ വീട്ടിൽ മൂന്ന് മക്കളാണ്. എന്റെ മനസിൽ ഫാമിലിയെന്ന് പറയുന്നത് മൂന്ന് മക്കളാണ്. മൂന്ന് കുട്ടികൾ വേണമെന്നാണ് എന്റെ മക്കളുടെയും കോൺസപ്റ്റ്. മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായതിന് ശേഷം, അഭിനയിക്കുന്നതിനൊക്കെ മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. അന്ന് എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. മക്കളൊക്കെ വലുതായി, എന്നാലും എനിക്ക് ഒരു കുഞ്ഞ് വേണമെന്നുണ്ടായിരുന്നു.അന്ന് ഒരു ബേബി ബോയ് ആയിരുന്നു. എനിക്ക് അവനെ നഷ്ടപ്പെട്ടു. അന്ന് ഇമോഷണലി വലിയ വേദനയാണ് അനുഭവിച്ചത്. നോർമൽ പ്രസവമായിരുന്നു.
അതിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. എന്നാൽ കുഞ്ഞുവാവയും ഇല്ല. അത് ഒരു ട്രോമ പിരിയഡായിരുന്നു. ഞാൻ മൂന്ന് കുട്ടികളെയും പ്രസവിച്ചത് നാട്ടിലായിരുന്നു. 40 ദിവസം കഴിഞ്ഞാൽ തിരിച്ച് ദുബായിലേക്ക് പോകും. ആ സമയത്ത് ഞാൻ റേഡിയോയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ജോലിയില്ലാതിരുന്നിട്ടില്ല. തിരിച്ച് പോകുമ്പോൾ കുട്ടികളെയും കൊണ്ടാണ് പോകുക.
പങ്കുവിന് ഒരു വയസുള്ളപ്പോൾ ഞാൻ അമ്മുവിനെ ഗർഭം ധരിച്ചിട്ടുണ്ട്. ശരത്തേട്ടന് ആ സമയത്ത് ജോലിയാണ്. പിന്നെയാണ് ബിസിനസിലേക്ക് പോകുന്നത്. പ്രെഗ്നൻസി സമയത്തുള്ള ട്രോമയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. തിരക്കിലായിരുന്നു. എന്തൊക്കെ ട്രോമയിലൂടെയായിരിക്കും പോയതെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് ഭർത്താവാണ്.’- ആശ ശരത്ത് പറഞ്ഞു.



