‘അയാൾ പുറത്തിറങ്ങി പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലുണ്ടായത്, മഞ്ജുവിന്റെ വിജയം താങ്ങാൻ പറ്റുന്നില്ല’

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതി കുറ്റവിമുക്തനാക്കിയ എട്ടാം പ്രതി ദിലീപിനെതിരെ ഇപ്പോഴും ഭാഗ്യലക്ഷ്മി വിമർശനം ഉന്നയിക്കുന്നുണ്ട്. നീതി നടപ്പായില്ല എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ദിലീപിന് അതിജീവിതയോടും മുൻ ഭാര്യ മഞ്ജു വാര്യരോടുമുള്ള പകയെക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോൾ. കേരള അൺബയാസ്ഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
വിധി വരുന്നത് വരെ 50 ശതമാനം ആളുകൾക്കും ഇത് കെട്ടുകഥയാണോ, ഈ പെൺകുട്ടി ക്രിയേറ്റ് ചെയ്തതാണോ എന്ന സംശയമുണ്ടായിരുന്നു. കാരണം അങ്ങനെയൊരു പിക്ചർ ഇവർ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇയാൾ കോടതിക്ക് പുറത്ത് വന്ന് മഞ്ജു വാര്യരുടെ പേര് വെെരാഗ്യം പോലെ പറഞ്ഞതോട് കൂടി പൊതുജനം മുഴുവനും അവളോടൊപ്പമായി. ഇയാൾ പക സൂക്ഷിക്കുന്ന ആളാണെന്നും പക തീർക്കാൻ ഏതറ്റം വരെയും പോകുമെന്നും അയാൾ പറയാതെ പറഞ്ഞു. അതോടെ കേരളത്തിലെ 90 ശതമാനം ആളുകളും അവളോടൊപ്പമായി.
ഒരു തരത്തിൽ പറഞ്ഞാൽ മഞ്ജു വാര്യരും സർവെെവർ ആണ്. ഇത്രയും സ്വാധീനമുള്ള, ഇത്രയും പകയുള്ള ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി വന്നിട്ട് അവൾ ഇത്രയും സക്സസ്ഫുൾ ആയെങ്കിൽ അത് അവളുടെ ഏറ്റവും വലിയ വിജയമാണ്. ആ വിജയം അയാൾക്ക് താങ്ങാൻ പറ്റുന്നില്ല. അതിജീവിതയ്ക്ക് ഇത് സംഭവിക്കുകയോ കേസാകുകയോ ചെയ്തില്ലായിരുന്നെങ്കിൽ ഉറപ്പായും മഞ്ജു വാര്യർക്ക് ഇത് സംഭവിക്കുമായിരുന്നു. എന്തെങ്കിലുമൊരു രീതിയിൽ അവർക്ക് സംഭവിക്കുമായിരുന്നു. മഞ്ജു വാര്യർ എന്ന പെൺകുട്ടിയെയും സിനിമാ രംഗത്തെ പല പെൺകുട്ടികളെയും അതിജീവിത ഈ കേസിലൂടെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പൾസർ സുനിയുടെയും ദിലീപിന്റെയും ഫോണിൽ പല വീഡിയോകളും ഉള്ളതായി തെളിവുകളുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വിദേശത്ത് നിന്നെല്ലാം ഒരുപാട് മലയാളികൾ എനിക്ക് മെസേജ് അയച്ച് കൊണ്ടിരിക്കുകയാണ്. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമുണ്ട്. ലോകത്ത് സകല രാജ്യങ്ങളിൽ നിന്നും വിളിച്ച് മാം, അവൾക്ക് കേസ് നടത്താൻ കാശില്ലെങ്കിൽ ഞങ്ങളിറക്കാം, ഒരു ബാങ്ക് അക്കൗണ്ട് തന്നാൽ മതി. അവളല്ല, നമ്മളാണ് കേസ് നടത്താൻ പോകുന്നതെന്ന് പറഞ്ഞു. അതിലേക്ക് ഈ വിധി കൊണ്ടെത്തിച്ചു. അയാൾ പുറത്തിറങ്ങിയിട്ട് പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലാണത്.



