ഓർക്കുമ്പോൾ ഉറക്കം പോലും വരില്ല’; ഹരിശ്രീ അശോകന്റെ വാക്കുകളിലേക്ക്

ഹരിശ്രീ അശോകൻ എന്ന് കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്ന കഥാപാത്രം, പഞ്ചാബി ഹൗസിലെ രമണനായിരിക്കും. മലയാളികൾ എത്ര കണ്ടാലും മതിവരാത്ത ചിത്രമാണത്. ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ജീവിതം കെട്ടിപ്പടുത്തപ്പോൾ ആദ്യം നിർമ്മിച്ച വീടിന് പഞ്ചാബി ഹൗസ് എന്ന പേരും അദ്ദേഹം നൽകി. എന്നാൽ ആ വീട് പണികഴിഞ്ഞത് മുതൽ അദ്ദേഹം ശരിക്കൊന്ന് ഉറങ്ങിക്കാണില്ല. ഫ്‌ളോറിംഗിലെ പ്രശ്നങ്ങൾ കാരണം വീടിന്റെ അവസ്ഥ ശോചനീയമായി. ഒടുവിൽ സഹികെട്ട താരം ഉപഭോക്തൃ കോടതിയിൽ കേസ് നൽകി. ഇപ്പോഴിതാ ആ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് ഹരിശ്രീ അശോകൻ.
ഹരിശ്രീ അശോകന്റെ വാക്കുകളിലേക്ക് ‘വീട് വച്ച വർഷം തന്നെ ടൈൽ പൊട്ടിത്തുടങ്ങി. ആ സമയത്ത് ടൈൽ ഇട്ട ആൾക്കാർ എന്റെ വീട്ടിൽ വന്ന് പരിശോധിച്ച് ശരിയാക്കിത്തരാം എന്ന് പറഞ്ഞു. പിന്നീട് അവർ വരാതെയായി. ഇക്കാര്യം ടൈൽ കടക്കാരനോട് പറഞ്ഞു. സിനിമാ തിരക്ക് കാരണം ഞാൻ ഇവരെ വിളിക്കുന്നത് കുറഞ്ഞു. അവർ ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ടില്ല. അതുകഴിഞ്ഞതിന് ശേഷമാണ് കോടതിയിൽ കേസ് കൊടുത്തത്. എനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ വിധിയായി. അതിൽ രണ്ട് പേർ നഷ്ടപരിഹാരം നൽകി. ഒരാൾ ഇതുവരെ നൽകിയിട്ടില്ല.ഇപ്പോൾ ഏഴ് വർഷമായി ആ കേസ്. എന്താകും ആ കേസിൽ വിധിയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്.
കാരണം, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടം വരെ എത്തിയത്. സംഭവത്തിൽ കോടതി കയറേണ്ടിവന്നു. സിനിമ എന്ന് പറയുന്നത് നിസാര കാര്യമല്ല. ഭയങ്കര ബുദ്ധിമുട്ടാണ്. രാവും പകലുമെന്നില്ലാതെ വെയിലും മഴയും കൊണ്ട് നമ്മൾ ഉണ്ടാക്കിയ പൈസയ്ക്കാണ് സ്വപ്നം പോലെ ഒരു വീടുവച്ചത്. ആ വീടിനാണ് ഇങ്ങനെ സംഭവിച്ചത്.ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമാണ്. ശരിക്കും ഓർത്താൽ ഉറങ്ങാൻ പോലും കഴിയില്ല. അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കൾ ചോദിക്കും എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നേ? അപ്പോ കേസിന്റെ ഡേറ്റ് വന്നിട്ടുണ്ടാവും. മാനസികമായി ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമുണ്ട്. ഒരു പാർട്ടി ആ കേസിൽ അപ്പീൽ പോയിട്ടുണ്ട്. കോടതി ഇനി എന്താണ് പറയുന്നതെന്ന് അറിയണം’