Cinema

‘പൊങ്കാലയ്ക്ക് എത്തിയത് ഭക്തിയോടെ, അമ്മയ്ക്കറിയാം എന്റെ മനസ്’; കണ്ണീരോടെ നടി അന്ന രാജൻ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയിൽ എന്ന പോലെ തന്നെ നടി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഒട്ടേറെ ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന അന്ന ബോഡി ഷെയിമിംഗിനും ഇരയാകാറുണ്ട്.

ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഭക്തിയോടെ അമ്മയ്ക്ക് അർപ്പിച്ച പൊങ്കാല വിവാദമായതിലുള്ള സങ്കടമാണ് താരം പങ്കുവച്ചത്. തന്റെ പ്രവൃത്തികൾ ആരുടെയെങ്കിലും മനസ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും നടി വ്യക്തമാക്കി.ആദ്യമായാണ് താൻ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയതെന്ന് അന്ന കുറിച്ചു.

കൈകൂപ്പി, കണ്ണുനീരോടെ’ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അന്ന തന്റെ അനുഭവം പങ്കുവച്ചത്. ‘അതിഭയങ്കരമായ ചൂടിൽ വിറകടുപ്പിന് മുന്നിലിരുന്ന് അമ്മയുടെ നാമം ജപിച്ച് പൂർണ വിശ്വാസത്തോടെയാണ് ഞാൻ പൊങ്കാലയിട്ടത്. ആ പരിശുദ്ധമായ നിമിഷങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി.’അന്ന രാജൻ പറയുന്നു.സ്വന്തം ബ്രാൻഡിലുള്ള സാരി ധരിച്ചാണ് അന്ന പൊങ്കാലയ്ക്ക് എത്തിയത്.

എന്നാൽ ചില യൂട്യൂബ് ചാനലുകൾ നടിയുടെ ദൃശ്യങ്ങൾ മോശമായ രീതിയിൽ ചിത്രീകരിച്ചതിലൂടെ വിവാദങ്ങൾക്ക് വഴിവച്ചു. തന്റെ വസ്ത്രമോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും, ഒരിക്കലും അത്തരമൊരു ലക്ഷ്യം തനിക്കില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.പൊങ്കാല അർപ്പിക്കാനെത്തിയത് റീച്ച് കൂട്ടാനുള്ള ശ്രമമായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾക്കും താരം മറുപടി നൽകി. തന്റെ ചിരിക്കും പ്രാർത്ഥനയ്ക്കും പിന്നിലെ സത്യസന്ധത അമ്മയ്ക്കറിയാമെന്നും, ആ സത്യം മാത്രം മതി തനിക്കെന്നും അന്ന പറഞ്ഞു.

യൂട്യൂബ് ചാനലുകളെ അന്ന മനഃപൂർവ്വം വിളിച്ചു വരുത്തിയതാണെന്നും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വാദിക്കുമ്പോൾ, താരത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഒരാളുടെ ഭക്തിയെയും വസ്ത്രത്തെയും ഇത്തരത്തിൽ വികൃതമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നാണ് പിന്തുണയ്ക്കുന്നവരുടെ പക്ഷം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button