3000 രൂപയ്ക്ക് മിനി എസി മേടിച്ച് പെട്ടുപോയി, കാറ്റുമില്ല ഒരു കുന്തവുമില്ല: നിലീൻ സാന്ദ്ര പറയുന്നു

തനിക്കുണ്ടായ ഓൺലൈൻ തട്ടിപ്പ് വെളിപ്പെടുത്തി നടി നിലീൻ സാന്ദ്ര. 3000 രൂപയ്ക്ക് എ.സി എന്ന പേരിൽ ഓൺലൈൻ വഴി വില്പനയ്ക്ക് വച്ച ഒരു സാധനം വാങ്ങിയെന്നും കാറ്റ് പോലും അതിൽ നിന്ന് വരുന്നില്ലെന്നും, ശേഷം പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് താനിത് തിരിച്ചയക്കാൻ നോക്കുമ്പോൾ അവർ എടുക്കുന്നില്ലെന്നും നിലീൻ സാന്ദ്ര പറയുന്നു.
“നമ്മുടെ നാട്ടിൽ ഇപ്പോള്‍ ട്രെൻഡിങ് ആയി നടക്കുന്ന സ്കാം ആണ് മിനി എസി എന്നു പറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീല്‍സ് കണ്ടിട്ടുണ്ടെങ്കിൽ വിഡിയോ ചെയ്യണം. ഇതു വലിയൊരു സ്കാം ആണ്. ഒരുപാട് പേജുകളിൽ ഇതിന്റെ വിഡിയോ കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവള്‍ക്കു വേണ്ടി ഞാനിത് വാങ്ങിയത്. മൂവായിരത്തിനടുത്ത് പൈസ ആയി.
പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാൽ അറിയില്ല. കാരണം എനിക്ക് അറിയാം എസി ഇങ്ങനല്ല വർക്ക് ചെയ്യുന്നത്, അത് വർക്ക് ചെയ്യാൻ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം, കംപ്രസർ വേണം. എന്നാലും ഞാനിത് മേടിച്ചുവെന്നതിൽ എന്നോടു തന്നെ പുച്ഛം തോന്നുന്നു. വൻ മണ്ടത്തരമായി പോയി.” നിലീൻ സാന്ദ്ര പറയുന്നു.
ഇത് പ്രവർത്തിക്കില്ലെന്നു പറഞ്ഞ് റിട്ടേൺ ചെയ്യാൻ നോക്കിയാൽ ഓൺലൈൻ സൈറ്റ് തിരിച്ചെടുക്കില്ല. കഴിഞ്ഞ നാലഞ്ച് ദിവസമായി കസ്റ്റർ കെയറിൽ വിളിച്ച് എന്റെ ശല്യം സഹിക്കാൻ വയ്യാതെയാണോ എന്നറിയില്ല, പേ ബാലൻസിലേക്ക് റീ ഫണ്ട് പൈസ ഇട്ടുതന്നു. പക്ഷേ ഇത് എല്ലാവർക്കും നടന്നെന്ന് വരില്ല. എനിക്ക് സഹിക്കാൻ പറ്റാതെ വിളിച്ചു വിളിച്ച് പൈസ തിരിച്ചു തരണമെന്നു പറഞ്ഞപ്പോൾ അവർ തന്നതാണ്. ഇതുകൊണ്ട് ഒരു ഉപയോഗവുമില്ല.
ഓൺലൈൻ സൈറ്റുകാർ തന്നെ പറഞ്ഞത് ഇത് കളഞ്ഞോളാണ്. ഒരു കൂളറായിട്ടുപോലും ഉപയോഗിക്കാൻ പറ്റില്ല. ഒരു കാറ്റ് പോലും വരുന്നില്ല, പിന്നെയാണ് തണുപ്പ്. സാധാരണ ആളുകളാകും ഇത് മേടിക്കുക. വെറും 2700 രൂപയ്ക്ക് എസി കിട്ടും എന്ന് ആഗ്രഹിച്ചാണ് മേടിക്കുന്നത്. ദയവു ചെയ്ത് ഈ തട്ടിപ്പിൽ ചെന്നുപെടരുത്.” നിലീൻ സാന്ദ്ര കൂട്ടിച്ചേർത്തു.



