‘നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്’, ബിഗ് ബോസില്‍ നിന്ന് പുറത്തായ മുൻഷി

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴില്‍ നിന്ന് ആദ്യമായി ഒരു മത്സരാര്‍ഥി പടിയിറങ്ങിയിരിക്കുന്നു. മുൻഷി രഞ്‍ജിത്ത് ആണ് ഇന്ന് വീട്ടില്‍ നിന്ന് പുറത്തുപോയത്. എപ്പിസോഡിന്റെ തുടക്കത്തിലേ എവിക്ഷൻ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ രഞ്ജിത്ത് മോഹൻലാലിനോട് തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു.
അവിടെ നല്ല അനുഭവം ആയിരുന്നു എന്നാണ് രഞ്‍ജിത് പറഞ്ഞത്. നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്. പരാജിതനാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്‍ക്ക് അമ്പ് കൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം.
പിന്നെ കിച്ചണ്‍ ടീമിലായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രഞ്‍ജിത് പറഞ്ഞു. രഞ്‍ജിത് പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ച ഒരു കത്തും മോഹൻലാല്‍ വായിച്ചു. ഞാൻ മുൻഷി രഞ്‍ജിത്ത്. എനിക്ക് ലാല്‍ സാറിനോട് അറിയിക്കാൻ മാത്രം പരാതികള്‍ ഒന്നും തന്നെയില്ല എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എത്ര ഹൃദയവിശാലതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്‍തിരിക്കുന്നത് എന്നാണ് മോഹൻലാല്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
ഇനി 18 മത്സരാര്‍ഥികളാണ് വീട്ടില്‍ ഉള്ളത്. മിഡ് വീക്ക് എവിക്ഷനും നടന്നേക്കാമെന്ന് മോഹൻലാല്‍ സൂചിപ്പിക്കുകയും ചെയ്‍തു. ഓരോ നിമിഷവും കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നും മോഹൻലാല്‍ സൂചിപ്പിച്ചു. അതിനാല്‍ ബിഗ് ബോസ് വീട് ഇനി അക്ഷരാര്‍ഥത്തില്‍ വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും എന്ന് കരുതാം. ഷാനവാസാണ് വീട്ടിലെ പുതിയ ക്യാപ്റ്റൻ.