Cinema

“കോമ്പറ്റീഷന്റെ ഇരയാണ് ഞാൻ”; മത്സരങ്ങൾക്ക് വേണ്ടി ഡാൻസ് പഠിപ്പിക്കില്ലെന്ന് നവ്യ നായർ

മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ നൃത്തം പഠിപ്പിക്കില്ലെന്ന് നടി നവ്യ നായർ. മാതംഗി എന്ന് പേരിട്ടിരിക്കുന്ന ഡാൻസ് സ്‌കൂളിൽ നിരവധി പേരെ നടി നൃത്തം പഠിപ്പിക്കുന്നുണ്ട്. എന്നാൽ മത്സരങ്ങൾ ലക്ഷ്യംവച്ച് ആരെയും നൃത്തം പഠിപ്പിക്കില്ലെന്നും അത്തരത്തിലുള്ള മത്സരങ്ങളുടെ ഇരയാണ് താനെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇവിടെ മത്സരങ്ങൾക്കുവേണ്ടി പഠിപ്പിക്കാറില്ല. മത്സരങ്ങളിൽ കൂടി എത്തിയ ആളാണല്ലോ ഞാൻ എന്ന് എല്ലാവരും ആലോചിക്കുന്നുണ്ടാകും. എന്റെ കരയുന്ന വീഡിയോ കാണാത്ത ആരുമുണ്ടാകില്ല. പക്ഷേ ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മൾ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്. ഇതൊരു കലയാണ്. ഈ കല പഠിക്കുന്നതിൽ മത്സരത്തിന്റെ ആവശ്യമില്ല.ഇവിടെ കോമ്പറ്റീഷന് വർണം പത്ത് മിനിറ്റാണ് കളിക്കുന്നത്.

20, 25 മിനിറ്റ് കളിക്കേണ്ട ഒരു വലിയ ഐറ്റമാണ് വർണം. വർണമൊക്കെ മത്സരത്തിന് ക്യാപ്സൂൾ പോലെയാക്കി അവതരിപ്പിക്കുന്നത് അന്യ സംസ്ഥാനത്തെ കലാകാരൻമാർ പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് കാണുന്നത്. അപ്പോഴും മലയാളി കുട്ടികളുടെ കഴിവിനേയും ഇതൊക്കെ പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവിനെയും കുറിച്ച് ഞാൻ സംസാരിക്കാറുണ്ട്.എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. ഇത്തരത്തിലുള്ള മത്സരമൊന്നും ജീവിതത്തിൽ നമ്മളെ എവിടേയും എത്തിക്കില്ല.

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ വല്ലാതെ ഹിറ്റ് ചെയ്ത് നമ്മളെതളർത്തിക്കളയാനായിരിക്കും അതിന് സാധിക്കുക. ഒരു കലാരൂപം പഠിക്കുന്നത് മത്സരിക്കാനല്ല. ജീവിതത്തിൽ നമ്മൾ ഒരൊറ്റ മനുഷ്യനോടെ മത്സരിക്കാൻ പാടുള്ളു. അത് നമ്മളോട് തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാൾ എത്ര മികച്ചതാണ് നാളത്തെ നമ്മൾ എന്നതിൽ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളു.ഒരിക്കലും മത്സരിക്കാൻ പോകരുത്. ഞാൻ മത്സരങ്ങൾക്ക് പഠിപ്പിക്കുന്നുമില്ല. കാരണം ഞാൻ അതിൽ വിശ്വസിക്കുന്നില്ല. മത്സരത്തിന്റെ ഇരയാണ് ഞാൻ. ഇനിയൊരു കുട്ടിയും അതിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’നവ്യ നായർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button