News

ബിഗ് ബോസ് വീട്ടിൽ നിന്നും’ ജിസൈല്‍ പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്ന് മറ്റൊരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. ഈ വാരാന്ത്യത്തിലും ഡബിള്‍ എവിക്ഷന്‍ ആയിരുന്നു ബിഗ് ബോസ് കാത്തുവച്ചിരുന്നത്. ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ, ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. ഈ ലിസ്റ്റിനെ രണ്ടായി വിഭജിച്ചാണ് ബിഗ് ബോസ് ഇന്നലെയും ഇന്നുമായി രണ്ട് എവിക്ഷനുകള്‍ നടത്തിയത്.

ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ എന്നിവരുടെ അന്തിമവിധിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇക്കൂട്ടത്തില്‍ നിന്ന് ഒനീല്‍ ആണ് ഇന്നലെ പുറത്തായത്. ശേഷം അവശേഷിച്ച ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിവരുടെ പ്രേക്ഷകവിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. നാടകീയമായി ആയിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം.

ഇതിനായി നാല് പേരും ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാനും ബാക്കി കാര്യങ്ങള്‍ ബിഗ് ബോസ് അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതുപ്രകാരം ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിവര്‍ ആക്റ്റിവിറ്റി ഏരിയയിലേക്ക് പോയി. അവിടെ ഇവര്‍ ബ്ലൈന്‍ഡ്ഫോള്‍ഡുകള്‍ ധരിച്ച് നില്‍ക്കണം എന്നതായിരുന്നു ആദ്യ നിബന്ധന.

രണ്ട് ബസറുകള്‍ക്കിടെ ഇവരുടെ മുഖത്തേക്ക് പച്ചയും ചുവപ്പും ലൈറ്റുകള്‍ മിന്നി മായും. രണ്ടാം ബസര്‍ കേള്‍ക്കുമ്പോള്‍ ആരുടെ മുഖത്തിന് നേര്‍ക്കാണ് പച്ച വെളിച്ചം ഉള്ളത് അവര്‍ സേവ്ഡ് ആവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇത് പ്രകാരം ആദ്യം നൂറയും രണ്ടാമത് നെവിനും സേവ്ഡ് ആയി. ആദിലയും ജിസൈലും അവശേഷിച്ചു.

ഇരുവരോടും ഹൗസിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് ചോദിക്കുകയാണ് ബിഗ് ബോസ് പിന്നാലെ ചെയ്തത്. ആദില അനുമോളുടെയും ജിസൈല്‍ ആര്യന്‍റെയും പേര് പറഞ്ഞു. ഇവരോടും ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പ്രിയ സുഹൃത്തുക്കള്‍ പരസ്പരം അവസാനമായി പറയാനുള്ളത് എന്താണെന്ന് വച്ചാല്‍ പറയാമെന്ന് അറിയിച്ചു.

അവര്‍ സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും അവിടെ സൂക്ഷിച്ചിരുന്ന ലെറ്ററില്‍ എന്താണോ എഴുതാനുള്ളത് അത് എഴുതിയിട്ട് കവറില്‍ ഇട്ട് മടക്കി കൊടുക്കാനും പറ‍ഞ്ഞു. അപ്പോഴേക്കും ആദിലയോടും ജിസൈലിനോടും വീണ്ടും ബ്ലൈന്‍ഡ്ഫോള്‍ഡുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അനുമോളോടും ആര്യനോടും തിരികെ പൊക്കോളാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. അവര്‍ പോയതിന് പിന്നാലെ ആക്റ്റിവിറ്റി ഏരിയയില്‍ നിന്നും ഇരുവരെയും രണ്ട് പേര്‍ വന്ന് ബ്ലൈന്‍ഡ്ഫോള്‍ഡുകള്‍ മാറ്റാതെതന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിന്നാലെ ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നു. പോയവരില്‍ ഒരാള്‍ പുറത്തായെന്നും സേവ്ഡ് ആയ ആള്‍ പ്രധാന വാതിലിലൂടെ അകത്തെത്തുമെന്നുമായിരുന്നു അറിയിപ്പ്. ആര്യനും അനുമോളും പ്രധാന വാതിലിന് അടുത്തേക്ക് എത്താനും ബാക്കിയുള്ളവര്‍ വരാന്തയില്‍ നിന്നാല്‍ മതിയെന്നും ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് തീം സോംഗ് പിന്നാലെ പ്ലേ ചെയ്തു. വാതില്‍ തുറന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദിലയാണ് അകത്തേക്ക് എത്തിയത്. ജിസൈല്‍ പുറത്തായതായി ഇതോടെ ഉറപ്പായി. പിന്നീട് ഹൗസിലേക്ക് മടങ്ങിവരാന്‍ ജിസൈലിന് സാധിച്ചില്ല.

മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ നിന്നുകൊണ്ടാണ് ജിസൈല്‍ ഹൗസിലെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞത്. ജിസൈല്‍ പുറത്തായി എന്നത് വലിയ അവിശ്വസനീയതയോടെയാണ് സഹമത്സരാര്‍ഥികളില്‍ പലരും ഉള്‍ക്കൊണ്ടത്. ആര്യന്‍ ഏറെ നേരം കരഞ്ഞപ്പോള്‍ മോഹന്‍ലാലിനൊപ്പം വേദിയിലെത്തിയ ജിസൈനിനെ കണ്ട് ഷാനവാസും കണ്ണീരണിഞ്ഞു. ടേണിംഗ് പോയിന്‍റ് എന്നൊക്കെ പറയാവുന്ന ഒരു ഘട്ടത്തിലാണ് നമ്മളിപ്പോള്‍ ഉള്ളതെന്ന് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് ജിസൈലിനെപ്പോലെ, ഫൈനല്‍ 5 ല്‍ ഇടംപിടിച്ചേക്കുമെന്ന് പലരാലും കരുതപ്പെട്ട ഒരാള്‍ പുറത്തേക്ക് പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button