Cinema

‘അൻസിബയുടെ ആ മെസേജ് കാരണം കുടുംബം തകരുമെന്ന് ഭയം; ലക്ഷ്‌മിപ്രിയ അന്ന് പൊലീസ് സ്റ്റേഷനിൽ തകർത്താടി’

മലയാള സിനിമാ താരസംഘടനയായ അമ്മയിലെ വനിതാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം കഴിയും തോറും രൂക്ഷമാകുകയാണ്. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ലക്ഷ്മിപ്രിയയുടെ ശബ്ദസന്ദേശം. അമ്മയിലെ എക്സിക്യൂട്ടീവ് അംഗവും നടിയുമായ നീനാ കുറുപ്പിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശമായിരുന്നു അത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌‌റഫ് ലക്ഷ്‌മിപ്രിയയുടെ എടുത്തുചാട്ടത്തെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.’അൻസിബയുടെ ഒരു മെസേജ് കാരണം ലക്ഷ്മിപ്രിയയുടെ കുടുംബം തകരുമെന്ന തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ലക്ഷ്മിപ്രിയയും നീനാ കുറുപ്പും തമ്മിലുണ്ടായ പ്രശ്നത്തിന്റെ ശബ്ദസന്ദേശം എനിക്കാണ് ആദ്യം ലഭിച്ചത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്​റ്റേഷനിൽ അൻസിബയും ലക്ഷ്മിപ്രിയയും തമ്മിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായെന്നാണ് എനിക്ക് ലഭിച്ച വിവരം. ലക്ഷ്മിപ്രിയ പൊലീസ് സ്റ്റേഷനിൽ തകർത്താടിയെന്നാണ് ചിലർ പറഞ്ഞത്.

ലക്ഷ്മിപ്രിയ താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തുകൂട്ടിയത്.തനിക്ക് തിരഞ്ഞെടുപ്പിൽ വോട്ട് നൽകരുതെന്ന് നീനാ കുറുപ്പ് പറഞ്ഞതായും ലക്ഷ്മിപ്രിയ ആരോപിച്ചിരുന്നു. വിഷയം ഇത്രയും അതിരുകടന്നിട്ടും നീനാ കുറുപ്പ് പൊതുമദ്ധ്യത്തിലെത്തി പ്രതികരിച്ചിട്ടില്ല. അത് അവരുടെ വ്യക്തിപ്രഭാവത്തെ ഉയർത്തിക്കാട്ടുകയാണ് ചെയ്തത്. എനിക്ക് ലക്ഷ്മിപ്രിയയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഞങ്ങൾ ഒരു കോമഡി പരിപാടിയിലെ ജഡ്ജസായിരുന്നു. അന്നൊക്കെ ലക്ഷ്മിപ്രിയ എല്ലാവരോടും മാന്യമായാണ് പെരുമാറിയിരുന്നത്.

താനൊരു വിവാഹമോചനത്തിന്റെ ഇരയാണെന്ന് ലക്ഷ്മിപ്രിയ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അടുത്തിടെ അവർ ഫേസ്ബുക്കിൽ ഒരു പോസ്​റ്റിട്ടിരുന്നു. താൻ വിവാഹമോചിതയാകാൻ പോകുകയാണെന്നും തെ​റ്റുകളും കു​റ്റങ്ങളും തന്റെ ഭഗത്താണെന്നാണ് ലക്ഷ്മിപ്രിയ അന്ന് പറഞ്ഞത്. പിന്നീട് അവർ ആ തിരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. അവർക്ക് എഴുത്തും വായനയുമൊക്കെയുണ്ടെങ്കിലും സ്ഥലകാല ബോധമില്ലാതെ പൊട്ടിത്തെറിക്കുമെന്ന് ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ എല്ലാവർക്കും മനസിലായതാണ്.

ഇപ്പോൾ ലക്ഷ്മിപ്രിയയ്‌ക്കെതിരെ അമ്മയിലെ അംഗങ്ങളിൽ നിന്ന് ഊമക്കത്ത് ലഭിക്കുന്നുവെന്നാണ് പറയുന്നത്. ഈ കത്തുകൾ എത്തിയിരിക്കുന്നത് എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേൽവിലാസത്തിലാണ്. ഇപ്പോൾ നീനാ കുറുപ്പ് അമ്മയിൽ പരാതി നൽകിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയെ കൊണ്ട് മാപ്പ് പറയിക്കണം, പുറത്താക്കണം എന്നൊക്കെയാണ് അവരുടെ ആവശ്യം. എന്നാലിതിലൊന്നും അവർ വഴങ്ങുമെന്ന് തോന്നുന്നില്ല’- ആലപ്പി അഷ്‌‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button