എന്നോട് ഒന്നും ചോദിക്കണ്ട; ഞാന് ‘അമ്മ’യിലെ അംഗമല്ല; നടി ഭാവന

താരസംഘടന‘അമ്മ’യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതികരിക്കാതെ നടി ഭാവന. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് താരം ഒഴിഞ്ഞുമാറി. തനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും പിന്നീടെപ്പോഴെങ്കിലും സംസാരിക്കാമെന്നുമാണ് ഭാവന ചോദ്യങ്ങളോട് പ്രതികരിച്ചത്. താൻ ഇപ്പോൾ ‘അമ്മ’യിലെ അംഗമല്ലെന്നും മറ്റ് സാഹചര്യം വരുമ്പോൾ പ്രതികരിക്കാമെന്നും ഭാവന പറഞ്ഞു.
‘അമ്മ’യിലെ അംഗമല്ല; തിരഞ്ഞെടുപ്പ് സംബന്ധിച്ച് അറിയില്ല: ഭാവന ഇന്നലെ വൈകിട്ടോടെയാണ് ‘അമ്മ’ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നടൻ ദേവനെ 27 വോട്ടുകൾക്കാണു ശ്വേത തോൽപ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 37 വോട്ടിനും. 507 അംഗങ്ങളിൽ 298 പേരാണ് ‘അമ്മ’ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. അഭിഭാഷകനായ മനോജ് ചന്ദ്രനായിരുന്നു വരണാധികാരി. പൂജപ്പുര രാധാകൃഷ്ണനും കുഞ്ചനും തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. 298 പേർ വോട്ടു ചെയ്തു.
മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസിൽ, മുകേഷ്, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയവർ വോട്ട് ചെയ്തെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫലി, ഉണ്ണി മുകുന്ദൻ, മഞ്ജു വാരിയർ ഉർവശി, നിവിൻ പോളി തുടങ്ങിയവരും എത്തിയില്ല.