‘അച്ഛന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നോ? എനിക്ക് അറിയില്ലായിരുന്നു’; വിസ്‌മയയ്‌ക്കുള്ള ആശംസാ പോസ്റ്റിൽ പ്രതികരിച്ച് കല്യാണി

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാലിന്റെ ആദ്യചിത്രത്തിന്റെ പൂജ ഇന്നലെയായിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയുടെ അരങ്ങേറ്റ ചിത്രത്തിന് ആശംസകൾ അറിയിച്ച് സിനിമാ രംഗത്തെ നിരവധി പ്രമുഖർ എത്തി. അക്കൂട്ടത്തിൽ ഒരാളാണ് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴിതാ പ്രിയദർശൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആശംസാ പോസ്റ്റിന് മകളും നടിയുമായ കല്യാണി പ്രിയദർശൻ നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
അച്ഛന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് ഈ നിമിഷം വരെ അറിയില്ലായിരുന്നു’, എന്നാണ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താൻ കള്ളം പറയുകയല്ല, ഇതാണ് സത്യമെന്നും കല്യാണി കുറിച്ചു. മറ്റൊരു പോസ്‌റ്റിൽ വിസ്‌മയയ്‌ക്ക് കല്യാണി ആശംസകൾ നേർന്നിട്ടുണ്ട്. കല്യാണിയും വിസ്‌മയയും ഒന്നിച്ചുള്ള ചെറുപ്പകാലത്തെ ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘കല്യാണിയെയും മായയെയും ഞാൻ എന്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബമായിരുന്നു. മോഹൻലാൽ പറഞ്ഞതുപോലെ ഇവർ സിനിമയിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്‌ക്കും തുടക്കം ഒരു സുന്ദര തുടക്കമാകട്ടെ. ദൈവം രക്ഷിക്കട്ടെ ‘, എന്നാണ് പ്രിയദർശൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.



