അഭിനയം നിർത്തിയോ, അമേരിക്കയിലേക്ക് താമസം മാറിയോ? ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന

കഴിഞ്ഞ വർഷമായിരുന്നു നടി ലെനയുടെ വിവാഹം. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്‌റ്റൻ പ്രശാന്ത് ബാലകൃഷ്ണനാണ് നടിയുടെ ഭർത്താവ്. വിവാഹശേഷം നടി അഭിനയം നിർത്തിയോ എന്നരീതിയിൽ ആരാധകരിൽ നിന്ന് ചോദ്യമുയർന്നിരുന്നു. കുറച്ചുകാലം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു ലെന. ഇതാണ് നടി അഭിനയം നിർത്തിയോ എന്ന് ആരാധകരിൽ സംശയമുയരാൻ കാരണം.
താൻ അഭിനയം നിർത്തിയിട്ടില്ലെന്നും ഇപ്പോൾ കൊച്ചിയിലുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രതികരണം. ജീത്തു ജോസഫ് സംവിധാനം ചെയ്ത “വലതു വശത്തെ കള്ളൻ” എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണെന്നും ലെന വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ്ണരൂപം
അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ് — ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്.
ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30- ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.



