പ്രണയ നായകനായി ധ്യാന് ശ്രീനിവാസന്; ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ഗാനമെത്തി

ബിനുൻരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തെത്തി. ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഗാനം പുറത്തുവിട്ടത്. പ്രണയത്തിൻ്റെ ആരാധകനായി ധ്യാൻ ശ്രീനിവാസിന്റെ ഗംഭീര ചുവടുമാറ്റമാണ് ഈ ഗാനത്തിൽ.
കരിയറിൽ ഇതുവരെ കാണാത്ത പ്രണയഭാവവുമായിട്ടാണ് ധ്യാൻ ഇത്തവണ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണിത്.
വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മൻ്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികൾ കൊണ്ട് ആസ്വാദകരെ ആനന്ദ ലബ്ധിയിൽ ആറാടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു.
മലയാളികൾ ഏറ്റു പാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിൻറെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛൻ മകൻ കൂട്ടുകെട്ടിന് സംഗീത സംവിധാന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ്.
പ്രേക്ഷകർ നെഞ്ചോട് ചേർത്ത് ‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിനു ശേഷം സരിഗമ മ്യൂസിക് പുറത്തുവിടുന്ന ഈ ഗാനവും പാട്ടിനെ സ്നേഹിക്കുന്നവർ ഏറ്റുപാടും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ധ്യാനിനൊപ്പം നായികയായി ദിൽന രാമകൃഷ്ണനും ശ്രദ്ധ നേടുന്നു. മനോഹരമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത് ബിജു ധ്വനിതരംഗ് ആണ്.
ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ റിലീസിന് തയ്യാറെടുക്കുന്ന ‘ഒരു വടക്കൻ തേരോട്ടത്തിൽ ‘മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. സനു അശോകന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവനും എഡിറ്റിംഗ് ജിതിൻ ഡികെയും ആണ്. രമേശ് സി പി യുടെ നേതൃത്വത്തിൽ എറണാകുളത്തെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ ആണ് ചിത്രത്തിൻ്റ കളർ ഗ്രേഡിങ് പൂർത്തിയായത്.
നാഷണൽ അവാർഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തിൽ മുംബൈയിലെ കനാൻ സ്റ്റുഡിയോയിൽ ആണ് സൗണ്ട് മിക്സിങ് പൂർത്തിയാക്കി റിലീസിന് തയ്യാറാവുന്നത്. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുഭാഷ്, ജോബിൻ വർഗീസ്, പിആർഒ വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്. ഒരു വടക്കൻ തേരോട്ടം ഡ്രീം ബിഗ് ഫിലിംസ് ഉടൻ പ്രദർശനത്തിനെത്തിക്കും.