ബോക്സ് ഓഫീസിൽ ‘ധുരന്ധർ’ തരംഗം; രണ്ടാഴ്ച കൊണ്ട് 1500 കോടി!

ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ആദിത്യ ധർ-രൺവീർ സിങ് ചിത്രം “ധുരന്ധർ: ദ റിവഞ്ച്” ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രം രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 961 കോടി രൂപയാണ്.
ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ ഇതിനോടകം 1501 കോടി പിന്നിട്ടു കഴിഞ്ഞു. മൂന്നാം വാരാന്ത്യം പൂർത്തിയാകുന്നതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നുവരെ ആരും കൈവരിക്കാത്ത ‘ആയിരം കോടി നെറ്റ് ക്ലബ്ബിൽ’ ചിത്രം ഇടംപിടിക്കുമെന്ന് ഉറപ്പായി. രണ്ടാം ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു. വടക്കേ അമേരിക്കയുൾപ്പെടെയുള്ള വിദേശ വിപണികളിലും ചിത്രം റെക്കോർഡ് കളക്ഷനാണ് നേടുന്നത്.
ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ്, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ തുടങ്ങി നിരവധി റെക്കോർഡുകളാണ് ‘ധുരന്ധർ’ ഇതിനോടകം സ്വന്തമാക്കിയത്. വെറും 10 ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ഒന്നാം ഭാഗം നേടിയ വിദേശ കളക്ഷനെ മറികടക്കാനും രണ്ടാം ഭാഗത്തിന് സാധിച്ചു.



