പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം ബിജു മേനോനും

കെജിഎഫ്, സലാർ എന്നീ ചിത്രങ്ങൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗണി’ൽ ടൊവിനോ തോമസും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്നു. ബ്രഹ്മാണ്ഡ സിനിമയിൽ ജൂനിയർ എൻടിആർ ആണ് നായകനായി എത്തുന്നത്. ‘സർസമീൻ’ പൃഥ്വി ഇക്കാര്യം െവളിപ്പെടുത്തിയത്. ‘‘ഡ്രാഗന്റെ കാര്യം പറയുകയാണെങ്കിൽ എനിക്ക് അറിയാം ടൊവിനോ അതിൽ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നു. ഈ നടൻമാർ അവർ അർഹിക്കുന്ന ബഹുമാനം നൽകിക്കൊണ്ടുള്ള റോൾ പ്രശാന്ത് ആ ചിത്രത്തിൽ നൽകുമെന്ന് എനിക്ക് അറിയാം,’’ പൃഥ്വിരാജ് പറയുന്നു.
‘NTRNEEL’ എന്നായിരുന്നു പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ ചിത്രത്തിന് ആദ്യം താത്ക്കാലിക പേരിട്ടിരുന്നത്. പിന്നീട് പേര് ‘ഡ്രാഗൺ’ എന്നാണെന്നുള്ള അഭ്യൂഹങ്ങൾ പരന്നു. പ്രദീപ് രംഗനാഥൻ നായകാനെത്തി സൂപ്പർഹിറ്റായ ‘ഡ്രാഗൺ’ എന്ന തമിഴ് ചിത്രമെത്തിയതോടെ മറ്റൊരു ടൈറ്റിൽ നോക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിപ്പോൾ പൃഥ്വിരാജ് ഈ ചിത്രത്തെ ‘ഡ്രാഗൺ’ എന്ന് വിശേഷിപ്പിച്ചതോടെ അത് തന്നെയായിരിക്കും പ്രശാന്ത് നീൽ ചിത്രത്തിന്റെ ടൈറ്റിൽ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ.