Cinema

മികച്ച നടൻ മമ്മൂട്ടി, നടി കല്ല്യാണി പ്രിയദർശൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു

കലാഭവൻ മണിയുടെ 55ാം ജന്മദിനത്തോടനുബന്ധിച്ച്, കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് കലാഭവൻ മണിയുടെ ജന്മദിനം. ഈ വർഷം റിലീസ് ചെയ്ത മലയാള സിനിമകളെ വിലയിരുത്തിയാണ് പുരസ്കാര പ്രഖ്യാപനം. കളങ്കാവലിലെ പ്രകടനത്തിന് മമ്മൂട്ടിക്കാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം. ലോകയിലെ ചന്ദ്രയായുള്ള അഭിനയത്തിലൂടെ കല്യാണി പ്രിയദർശൻ മികച്ച നടിയായി. അഖിൽ സത്യന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ക്രിസ്മസ് റിലീസായി എത്തിയ സർവ്വം മായയാണ് മികച്ച സിനിമ.

എക്കോയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ആണ് മികച്ച സംവിധായകൻ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവ കൂടാതെ സിനിമയിലെ വിവിധ മേഖലകളിലുള്ളവർക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിനായി ചലച്ചിത്രമേഖലയിലെ വിവിധ രംഗങ്ങളിലുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

ബാലചന്ദ്ര മേനോൻ, വിജയ കുമാരി, ഒ. മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻചാണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അർഹരായത്. സിനിമക്ക് പുറമേ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരിലെ മികവേറിയ വ്യക്തിത്വങ്ങളും അവാർഡിന് അർഹരായിട്ടുണ്ട്. മാർച്ച് ആദ്യവാരം അവാർഡ് സമർപ്പണം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ എം.കെ ഇസ്മായിൽ, പ്രൊഫസർ യു.എസ് മോഹൻ, ജോഷി എബ്രഹാം, പി.എം.എം ഷരീഫ്, വി.കെ മുരളി, ഹേമ ജെയിംസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button