Cinema

മകളുടെ കാമുകന്റെ കെണിയിലകപ്പെടുന്ന അമ്മ; ചർച്ചയായി ആശ ശരത്തിന്റെ ആ സിനിമ

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഒരു സിനിമയുടെ ചില രംഗങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. സ്കൂളിൽ പഠിക്കുന്ന മകൾക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാൻ ശ്രമിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. ചില ആസക്തികളിൽ പെട്ടുപോകുന്ന മനുഷ്യർ ആത്മബന്ധം പോലും മറന്ന് എന്ത് കടുംകൈയും കാണിക്കാൻ മടിക്കാറില്ല എന്നുകൂടി ഈ ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.

സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം തകർന്ന കുടുംബജീവിതങ്ങൾ പ്രമേയമാക്കി മനോജ് കാന ഒരുക്കിയ ‘ഖെദ്ദ’ എന്ന സിനിമയിൽ നിന്നുള്ള രംഗങ്ങളാണിത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായ ആശാ ശരത്തിന്റെ മകൾ ഉത്തര ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ തോളിലേന്തി അസംതൃപ്തമായ ദാമ്പത്യ ജീവിതം നയിക്കുന്ന വീട്ടമ്മയാണ് സബിത. ടീനേജുകാരിയായ മകളെ പഠിപ്പിക്കുന്നത് ഉൾപ്പെടെ ഒന്നിലും ശ്രദ്ധിക്കാതെ മുഴുക്കുടിയനായി ജീവിക്കുന്നയാളാണ് സബിതയുടെ ഭർത്താവ് രവീന്ദ്രൻ. കുടുംബപ്രശ്‌നങ്ങൾ തലയിലേറ്റി ടെൻഷൻ അടിക്കുന്നതെന്തിനാണ് എന്നാണ് അയാൾ ചോദിക്കുന്നത്. അംഗൻവാടി ടീച്ചറായും അച്ചാറുകൾ കടകളിൽ കൊണ്ട് വിറ്റും സമയം കിട്ടുമ്പോൾ തുണികൾ തയ്ച്ചും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന സബിതക്ക് ഭർത്താവിനെ പുച്ഛമാണ്. അവർക്കിടയിലെ സ്നേഹബന്ധത്തിന്റെ പാലം എന്നോ തകർന്നുവീണിരുന്നു.

മകളോടുള്ള സ്നേഹം മാത്രമാണ് സബിതയെ മുന്നോട്ട് നയിക്കുന്നത്. സ്കൂളിലെ റാങ്ക് പ്രതീക്ഷയാണ് സബിതയുടെ മകൾ ഐശ്വര്യ. പെട്ടെന്നൊരു ദിവസം ഐശ്വര്യയ്ക്ക് പഠനത്തിൽ ശ്രദ്ധ കുറയുന്നു. ഇത് മനസ്സിലാക്കിയ അധ്യാപകർ അമ്മയെ വിളിച്ച് കാര്യം പറയുന്നു. ഒരു ഞെട്ടലോടെ ആണ് മകളുടെ സ്വഭാവത്തിലെ വ്യത്യാസം അമ്മ മനസ്സിലാക്കുന്നത്.

മകളുടെ കയ്യിൽ പെട്ടെന്ന് ഒരു ദിവസം ഒരു മൊബൈൽ ഫോൺ കണ്ടത് സ്നേഹനിധിയായ ആ അമ്മയെ തകർത്തുകളഞ്ഞു. സബിതയ്ക്ക് ആശ്രയിക്കാനോ സങ്കടം പറഞ്ഞു കരയാനോ ആരുമില്ല. ഒടുവിൽ മകളെ ചതിക്കുന്നവൻ ആരെന്ന അന്വേഷണം ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലാണ് ആ അമ്മയെ കൊണ്ടെത്തിച്ചത്. ആ അന്വേഷണത്തിനൊടുവിൽ സബിത കെട്ടിപ്പൊക്കിയ കുഞ്ഞു ജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു.

അമ്മയായി ആശ ശരത്തും മകളായി ആശയുടെ മകൾ ഉത്തരയും ഖെദ്ദയിൽ മത്സരിച്ചഭിനയിച്ചിരിക്കുന്നു. ക്യാരക്ടർ റോളുകളിൽ അഭിനയമികവ് തെളിയിച്ച ആശ വളരെ ശക്തമായ ഒരു നായികകഥാപാത്രമാണ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. അമ്മയുടെ കഴിവ് മകൾക്കും അപ്പാടെ പകർന്നു കിട്ടിയ പ്രകടനമായിരുന്നു ഉത്തരയുടേത്. മുഴുക്കുടിയനും ഭീരുവുമായ ഭർത്താവായി സുധീർ കരമന മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പ്രകടനം സുദേവ് നായരുടേതാണ്. ജോളി ചിറയത്ത്, സരയു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമായ വിഷയം പ്രാധാന്യമൊട്ടും കുറയാതെ തിരക്കഥ ആക്കിമാറ്റിയതും മനോജ്‌ കാന തന്നെയാണ്. തിരക്കഥയുടെ ഈട് തന്നെയാണ് നൂല് പൊട്ടാതെയുള്ള മേക്കിങ്ങിനു കരുത്ത് പകർന്നത്. മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്ന രീതിയിൽ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് പ്രതാപ് പി നായരാണ്. ത്രില്ലർ മൂഡിലുള്ള ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ മികച്ച സംഗീതമൊരുക്കിയത് ബിജിബാലാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ഇപ്പോൾ മനോരമ മാക്സിലൂടെ ആസ്വദിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button