കുട്ടിക്കാലം മുതലേ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആളാണ് അനുമോൾ; ലക്ഷ്മി നക്ഷത്ര

ബിഗ്ബോസ് മലയാളം സീസൺ 7 ൽ മൽസരിക്കുന്ന അനുമോളെ പിന്തുണച്ച് നിരന്തരം സംസാരിക്കുന്നയാളാണ് സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര. അനുമോൾക്ക് പിആർ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് ലക്ഷ്മി. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പിആർ കൊടുത്താൽ തന്നെ അതിൽ എന്താണ് തെറ്റ് എന്നും എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഇതെന്നും ലക്ഷ്മി നക്ഷത്ര ചോദിക്കുന്നു.
ഏഴു വർഷമായി ഞാനും അനുമോളും കാണാറുണ്ട്. അനു അങ്ങനെ കാശ് ചിലവാക്കില്ല. അത്യാവശ്യം നല്ല പിശുക്കിയാണ്. പിശുക്കി എന്നത് നല്ല അർത്ഥത്തിലാണ് ഞാൻ പറയുന്നത്. കാരണം അവൾക്ക് കാശിന്റെ വില അറിയാം. കുട്ടിക്കാലം മുതലേ അവൾ അവളുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആളാണ്. ഒരു കാർ എടുത്തതു പോലും ഞങ്ങൾ കുറച്ചു പേർ നിർബന്ധിച്ചതു കൊണ്ടാണ്. അതെടുക്കുന്ന സമയത്ത് ലോൺ തിരിച്ചടക്കാൻ ആകുമോ എന്നതായിരുന്നു അവളുടെ പേടി. കാർ വാങ്ങിയ ശേഷം എത്ര വട്ടം അതിൽ യാത്ര ചെയ്തു എന്നു പോലും എനിക്ക് അറിയില്ല.” ലക്ഷ്മി നക്ഷത്ര പറയുന്നു.
“നിങ്ങൾ തന്നെ കണ്ടിട്ടുണ്ടാകും, എവിടെങ്കിലും പോകുമ്പോൾ പൊതു വാഹനങ്ങളിൽ ആയിരിക്കും മിക്കവാറും അവളുടെ യാത്ര. അത് മോശം ആണെന്നല്ല ഞാൻ പറയുന്നത്. നമ്മളൊക്കെ കാറിലും ബസിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. പക്ഷേ ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നും മറ്റുള്ള ഇടത്തേക്ക് പോകുമ്പോൾ പർദ്ദ ഒക്കെ ഇട്ടിട്ട് പോകുന്ന ആളാണ് അവൾ. ഒരിക്കൽ തമിഴ്നാട്ടിലെ ലോറിക്ക് കൈ കാണിച്ചു നിർത്തി. എങ്ങനെ ചെലവു ചുരുക്കാം എന്ന് അത്രത്തോളം ചിന്തിക്കുന്ന ആളാണ്.” ലക്ഷ്മി നക്ഷത്ര പറഞ്ഞു.



