News

‘അനുമോള്‍, നിങ്ങള്‍ക്ക് നാണമുണ്ടോ?’, പൊട്ടിത്തെറിച്ച് മോഹൻലാല്‍

ബിഗ് ബോസില്‍ വളരെ നിര്‍ണായകമാണ് വീക്കെൻഡ് എപ്പിസോഡുകള്‍. എവിക്ഷൻ സംഭവിക്കുന്നത് വാരാന്ത്യത്തില്‍ ആണ്. മോഹൻലാല്‍ വരുന്ന ദിവസമാണെന്നതിന്റെ ആകാംക്ഷയുമുണ്ട്. സദാചാരവും ആൾക്കൂട്ട വിചാരണയും വൈൽഡ് കാർഡുകളുടെ ഗെയ്മുകളുമടക്കം നിരവധി കാര്യങ്ങളാണ് മോഹൻലാലിന് ബിഗ് ബോസ് മത്സരാർത്ഥികളോട് ചോദിക്കാനുള്ളത്. ഈ വിഷയങ്ങളെല്ലാം ചർച്ചയാകുമെന്ന് സൂചിപ്പിക്കുന്ന പ്രൊമോയും പുറത്തുവന്നുകഴിഞ്ഞു. എന്തൊക്കെയായിരിക്കും വീക്കെൻഡ് എപ്പിസോഡിൽ പ്രധാന ചർച്ചാവിഷയങ്ങളാകുകയെന്ന് നോക്കാം.

ആര്യൻ, ജിസേൽ, അനുമോൾ എന്നിവർക്കിടയിൽ ഈ ആഴ്‍ച തുടക്കത്തിൽ സംഭവിച്ച കാര്യങ്ങളിലെ ബിബിയുടെ നിലപാട് തന്നെയാണ് ഈ വീക്കെൻഡ് എപ്പിസോഡിൽ വീടിനകത്തും പുറത്തുമുള്ളവർ അറിയാൻ പ്രധാനമായും കാത്തിരിക്കുന്നത്. പുറത്തുവന്ന പ്രൊമോയിൽനിന്ന് മനസിലാകുന്നത് ഈ വിഷയത്തിൽ വലിയ രീതിയിൽ മോഹൻലാൽ ഇടപെടുന്നുണ്ട് എന്നാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ വലിയ നാണക്കേടുണ്ടാക്കിയ ഡെമോൺസ്‌ട്രേഷൻ അടക്കം ഈ വീക്കെൻഡിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കൂടാതെ ഈ വിഷയത്തിൽ വൈൽഡ് കാർഡുകളായെത്തിയ മത്സരാർത്ഥികൾ സ്വീകരിച്ച നിലപാടും ചോദ്യം ചെയ്യുന്നതായാണ് പ്രോമോ വീഡിയോയിൽ മനസിലാകുന്നത്. അനുമോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോയെന്ന് പ്രൊമോ വീഡിയോയില്‍ മോഹൻലാല്‍ ചോദിക്കുന്നു. എന്തൊക്കെയാണ് കാണിക്കുന്നത്?, ഇതൊരു ഷോയല്ലേ?, ഞങ്ങള്‍ക്ക് ഒരു റെപ്യൂട്ടേഷനില്ലേ?. ഞങ്ങള്‍ ആരും കാണാത്ത കാര്യം അനുമോള്‍ എങ്ങനെയാണ് കാണുന്നത് എന്നും മോഹൻലാല്‍ ചോദിക്കുന്നു.

വൈൽഡ് കാർഡുകൾ, പ്രത്യേകിച്ച് മസ്‍താനി, പുറത്തെ കാര്യങ്ങൾ വീട്ടിനുള്ളിൽ ഉള്ളവരോട് നിരന്തരം സംസാരിക്കുന്നതും മോഹൻലാൽ ചോദിക്കാൻ ഇടയുണ്ട്. പുറത്തെ കാര്യങ്ങൾ അകത്ത് പറയുന്നത് നിയമലംഘനമാണ് എന്നിരിക്കെ പുറത്തെ മത്സരാർത്ഥികളുടെ പിന്തുണ അടക്കമുള്ള കാര്യങ്ങളിൽ മസ്താനി നൽകിയ സൂചനകളും മറ്റും ചൂണ്ടിക്കാണിക്കാനാണ് സാധ്യത.

നെവിന്റെ ക്യാപ്റ്റൻസിയാണ് അടുത്ത കാര്യം. അനുമോൾ, ജിസിൽ, ആര്യൻ എന്നിവർക്കിടയിലെ പ്രശ്‍നങ്ങൾ അടക്കം നിരവധി പ്രതിസന്ധികൾ ഉണ്ടായ ഈ ആഴ്ചയിൽ കാര്യമായ ബഹളത്തിലേക്ക് പോകാതെ കൈകാര്യം ചെയ്യാൻ നെവിന് കഴിഞ്ഞു എന്നുവേണം കരുതാൻ. ഇതുവരെ വന്ന ക്യാപ്റ്റന്മാരെ വച്ച് താരതമ്യം ചെയ്താൽ നെവിന്റെ ക്യാപ്റ്റൻസി നന്നായിരുന്നു എന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.

സൂപ്പർ പവർ നേടിയ നൂറ, ബിന്നി, അഭിലാഷ് എന്നിവരുടെ പ്രകടനത്തിലും അതിലെ നൂറയുടെ തീരുമാനത്തെ കുറിച്ചുമുള്ള വിലയിരുത്തലും ഈ വീക്കെൻഡ് എപ്പിസോഡിൽ ഉണ്ടായേക്കും. മൂന്ന് സൂപ്പർ പവറുകളിൽ രണ്ടെണ്ണം നൂറ എടുക്കുകയും ഒരെണ്ണം ബിന്നിക്ക് നൽകുകയും അഭിലാഷിനെ ഒഴിവാക്കുകയും ചെയ്‍തത് പ്രേക്ഷകര്‍ക്കിടയിൽ ചില ചർച്ചകൾ ഉണ്ടാക്കിയിരുന്നു. ഈ വിഷയത്തിൽ നൂറ ഒരുപക്ഷെ കൂടുതൽ വിശദീകരണം നൽകിയേക്കും.

സീറ്റിനുവേണ്ടിയുള്ള അനീഷിന്റെ മുറവിളി ആണ് അടുത്തത്. അറ്റത്തുള്ള സീറ്റിൽ മാത്രമേ ഇരിക്കുള്ളൂ എന്ന അനീഷിന്റെ നിർബന്ധവും ഇതുമായി ബന്ധപ്പെട്ട് ആദില, നൂറ എന്നിവരുമായുള്ള തർക്കവും ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ സ്ഥിരം കാഴ്‍ചയാണ്. വീക്കെൻഡ് എപ്പിസോഡിൽ ഇതും ചർച്ചയാകാൻ ഇടയുണ്ട്.

മറ്റുള്ളവരുടെ സാധനങ്ങൾ വലിച്ചെറിയുന്ന ആര്യന്റെ പ്രവണതയും മോഹൻലാൽ ചോദ്യം ചെയ്യണമെന്നും താക്കീത് നൽകണമെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ ഇതും ഒരുപക്ഷെ ഇന്ന് ചർച്ച ചെയ്യപ്പെട്ടേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button