വിവാഹത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കായി പ്രഖ്യാപനം; കൈയടിച്ച് ആരാധകർ

വിവാഹാഘോഷങ്ങൾക്ക് പിന്നാലെ തെലങ്കാനയിലെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് പ്രഖ്യാപിച്ചിരിക്കുന്നത്. താരം കഴിഞ്ഞദിവസം പങ്കാളിയായ രശ്മിക മന്ദാനയടങ്ങുന്ന കുടുംബത്തിനൊപ്പം തന്റെ ജന്മനാടായ തുംമനേപേട്ട സന്ദർശിച്ചിരുന്നു. പുതിയവീടിന്റെ ഗൃഹപ്രവേശവും സത്യനാരായണവ്രത പൂജയുമടങ്ങുന്ന ചടങ്ങുകൾക്ക് ശേഷം ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്കൂളുകളിലെ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ്ദേവരകൊണ്ട തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സഹായിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് താരം പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.പ്രഖ്യാപനം നടത്തുന്ന വേദിയിൽ രശ്മിക മന്ദാനയും വിജയ്ദേവരകൊണ്ടയ്ക്ക് ഒപ്പമുണ്ടായിരുന്നു.
നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ പ്രഖ്യാപനം സ്വാഗതം ചെയ്തത്. ഇനിമുതൽ ഗ്രാമത്തിലേക്ക് പതിവായി എത്തുമെന്നാണ് താരം ആരാധകർക്ക് വാക്ക് നൽകിയത്. നിരവധിപേർ താരത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അടുത്ത 30 വർഷത്തിനുള്ളിൽ വിജയ് മുഖ്യമന്ത്രിയായാൽ അത്ഭുതപ്പെടാനില്ലെന്നും ആരാധകർ കുറിക്കുന്നുണ്ട്.
ഫെബ്രുവരി 26 നായിരുന്നു സിനിമാലോകം കാത്തിരുന്ന താരവിവാഹം നടന്നത്. ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ദക്ഷിണേന്ത്യൻ ശൈലിയിലായിരുന്നു വിവാഹം. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി ഹൈദരാബാദിൽ വിരുന്നൊരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ താരദമ്പതികൾ.



