പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനന്യ

മലയാളികളുടെ പ്രിയതാരം അനന്യയുടെ പുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 2025നോട് വിടപറഞ്ഞ് പുതുവർഷത്തെ വരവേൽക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് താരം ആരാധകർക്ക് മുന്നിലെത്തിയത്.
തന്റെ ജീവിതത്തിലെ വേറിട്ട നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അനന്യ കുറിച്ച വരികൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘2025ലെ ചില നിമിഷങ്ങൾ; ചിലത് ശബ്ദം നിറഞ്ഞത്, മറ്റു ചിലത് നിശബ്ദമായത്. എല്ലാം എന്റേത്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 2025ന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള വിവിധ ജീവിത മുഹൂർത്തങ്ങൾ ചിത്രങ്ങളിൽ കാണാം.
വർഷങ്ങൾ കടന്നുപോയിട്ടും അനന്യയുടെ ലുക്കിൽ മാറ്റമില്ലെന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. താരം പങ്കുവച്ച ചിത്രങ്ങളിൽ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. സിനിമയിൽ നിന്ന് ഇടവേളകൾ എടുക്കാറുണ്ടെങ്കിലും തന്റെ ഫിറ്റ്നസ് കാര്യത്തിൽ താരം പുലർത്തുന്ന ശ്രദ്ധ ഇതിൽ നിന്നും വ്യക്തമാണ്. 2008ൽ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ എത്തിയ അതേ പ്രസരിപ്പോടെയാണ് താരം ഇന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്.
മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ അനന്യ, മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസിൽ ഇടംനേടിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഡീസൽ’ ആണ് താരത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. സിനിമയിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും ശക്തമായ കഥാപാത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുന്നതാണ് അനന്യയുടെ ശൈലി. 2008ൽ വികെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യയുടെ സിനിമാ മേഖലയിലേക്കുള്ള കടന്നു വരവ്.



