അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറി

കൊച്ചി: താരംസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരട്ടെയെന്ന നിലപാടാണ് ജഗദീഷിനുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.
മോഹൻലാലും മമ്മൂട്ടിയും അനുവദിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും നേരത്തേ പിന്മാറിയിട്ടുണ്ട്. ഇതോടെ ആ സ്ഥാനത്തേക്ക് ശ്വേത മേനോന് സാദ്ധ്യതയേറി.ജഗദീഷിന്റെ പിന്മാറ്റത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി നാല് മത്സരാർത്ഥികളാണുള്ളത്.
ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് അവർ.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരംഗത്തുനിന്ന് പിന്മാറിയെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
നടൻ ബാബുരാജ് മത്സരിക്കരിക്കുന്നതിനെതിരെ നടിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ‘ആരോപണ വിധേയൻ മാറിനിൽക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുത്തും. മടുത്തിട്ടാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയത്. എല്ലാ പ്രശ്നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങൾ തെറ്റു കണ്ടാൽ തുറന്നുപറയും’- എന്നാണ് കഴിഞ്ഞദിവസം മല്ലിക സുകുമാരൻ ഒരു ചാനലിനോട് പറഞ്ഞത്.