ആക്ഷേപഹാസ്യവുമായി അല്‍ത്താഫ് സലിം; ‘ഇന്നസെന്‍റ്’ നവംബര്‍ 7 ന്

നവാഗതനായ സതീഷ് തൻവി അല്‍ത്താഫ് സലിമിനെ നായകനാക്കി ഒരുക്കിയ ഇന്നസെന്‍റ് എന്ന ചിത്രം നവംബര്‍ 7 ന് തിയറ്ററുകളില്‍ എത്തും. ആക്ഷേപഹാസ്യ സ്വഭാവത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് ഇത്. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് എ ഡിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച, നിരവധി ടി വി ഷോകളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് സതീഷ് തൻവി. ഗൗരവമല്ലെന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില ജീർണ്ണതകൾക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്.
സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥാസഞ്ചാരം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിനോദിന്‍റെ ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഒരു റോഡ് മൂവി എന്നും വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഇത്. വിനോദ് ആയി എത്തുന്നത് അല്‍ത്താഫ് സലിം ആണ്. വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അന്ന പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
സംഗീതം ജയ് സ്റ്റെല്ലർ, ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ, എഡിറ്റിംഗ് റിയാസ്, കലാസംവിധാനം മധു രാഘവൻ, മേക്കപ്പ് സുധി ഗോപിനാഥ്, കോസ്റ്റ്യൂം ഡിസൈൻ ഡോണ മറിയം ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുമി ലാൽ സുബ്രഹ്‍മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. കൊച്ചി, തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.



